തിരുവനന്തപുരം
‘കോവിഡ്’ കാരണം ഉത്സവസീസൺ ഇല്ലാതാക്കിയതിന്റെ സങ്കടത്തിൽനിന്ന് കരകയറാൻ തെരഞ്ഞെടുപ്പുകാലത്തെ ഉപയോഗപ്പെടുത്തുകയാണ് കലാകാരന്മാർ. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ പലർക്കും തിരക്കായി. പാരഡിഗാനങ്ങൾ തയ്യാറാക്കുന്നവരുടെയും പാടുന്നവരുടെയും സമയമാണ് തെളിഞ്ഞത്.
പതിവ് പോലെ സിനിമാ, നാടക, നാടൻ ഗാനങ്ങളുടെ പാരഡിയാണ് ഇവർ തയ്യാറാക്കുന്നത്. ചിലർ സ്വന്തമായി പാട്ടെഴുതിയും രംഗത്തുണ്ട്. കോവിഡ് പ്രതിരോധമുൾപ്പെടെ വോട്ടർമാരുടെ മനസ്സിൽ ഉടക്കുന്ന വരികൾ തെരഞ്ഞെടുപ്പ് ഗാനങ്ങളിലുണ്ട്.
‘‘കോവിഡ് കാരണം സ്റ്റുഡിയോ അടച്ചതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചെറുതായി അനൗൺസ്മെന്റുകളും പാരഡി ഗാനങ്ങളും തയാറാക്കി കൊടുക്കാൻ തുടങ്ങി.
ഇപ്പോൾ വിവിധ ജില്ലകളിൽനിന്നുള്ള സ്ഥാനാർഥികൾക്കായി പാരഡി ഗാനം തയാറാക്കുന്നുണ്ട്. വലിയ ആശ്വാസമാണ് തെരഞ്ഞെടുപ്പ് നൽകിയത്.'–- ഗീതാഞ്ജലി സ്റ്റുഡിയോ ഉടമയും പാരഡിഗാന നിർമാതാവുമായ അഭി വർഗീസിന്റെ വാക്കുകൾ.
തൃശൂർ അഞ്ചേരിച്ചിറയിലെ അഭിയുടെ സ്റ്റുഡിയോ കോവിഡ് കാലത്ത് പൂട്ടിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഒരു മുറിയിൽ സ്റ്റുഡിയോ സംവിധാനം ക്രമീകരിച്ചാണ് പ്രവർത്തനം. അഭിയുടെ മാത്രമല്ല ഈ രംഗത്തുള്ള പലരുടെയും കഥ സമാനമാണ്.
അഭിയുൾപ്പെടെ മൂന്ന് പേരാണ് പാരഡി ഗാനം തയാറാക്കുന്നത്.
വരികൾ തയാറാക്കുന്നതും പാടുന്നതും എഡിറ്റ് ചെയ്യുന്നതുമൊക്കെ ഇവർതന്നെ. വാഹന അനൗൺസ്മെന്റിലും മറ്റും പരിമിതിയുള്ളതിനാൽ ഓൺലൈൻ പ്രചാരണമാണ് ഇത്തവണ മുന്നിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..