17 January Sunday

വിട വാങ്ങിയത്‌ നാടിന്റെ സമരസഖാവ്‌

സ്വന്തം ലേഖകൻUpdated: Saturday Nov 28, 2020

സിപിഐ എം കഴക്കൂട്ടം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിച്ച മൃതദേഹത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അന്ത്യോപചാരം അർപ്പിക്കുന്നു

കഴക്കൂട്ടം 
ജില്ലയിലെ മുതിർന്ന കമ്യൂണിസ്റ്റു നേതാക്കളിൽ ഒരാളായിരുന്നു അന്തരിച്ച കാട്ടായിക്കോണം ജി അരവിന്ദൻ. സ്കൂൾ വിദ്യാർഥി പ്രസ്ഥാന രംഗത്തിലൂടെയാണ് പാർടി പ്രവർത്തനം ആരംഭിച്ചത്. 1954ൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. സിപിഐ എം തിരുവനന്തപുരം താലൂക്ക് കമ്മിറ്റി അംഗമായും പിന്നീട് ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഇ എം എസ്, ഇ കെ നായനാർ, ഇമ്പിച്ചി ബാവ തുടങ്ങിയ നേതാക്കൾക്ക് രാഷ്ട്രീയ ഒളിവിൽ കഴിയാൻ സഹായം നൽകി. മിച്ചഭൂമി സമരത്തിൽ പങ്കെടുത്തു‌. കാട്ടായിക്കോണം വി ശ്രീധർ, കാട്ടായിക്കോണം എം കെ സദാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് പൊലീസ് മർദനം ഏൽക്കുകയും നിരവധി തവണ ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറിയായി 12 വർഷം പ്രവർത്തിച്ചു. കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്‌, കഴക്കൂട്ടം പഞ്ചായത്ത് പ്രസിഡന്റ്, റെഡ് വളന്റിയർ ജില്ലാ ക്യാപ്റ്റൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1975ൽ അടിയന്തരാവസ്ഥയ്ക്കെതിരെ ജില്ലയിൽ സിപിഐ എം നടത്തിയ പ്രക്ഷോഭത്തിൽ മുൻപന്തിയിൽ  ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.
വെള്ളിയാഴ്‌ച ഉച്ചയോടെയായിരുന്നു മരണം. മൃതദേഹത്തിൽ കഴക്കൂട്ടം ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ പാർടി പതാക പുതപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. തുടർന്ന് ഏരിയ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ്, മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി, സിപിഐ കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ, എം എ വാഹിദ് തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ അന്ത്യോപചാരം അർപ്പിച്ചു. ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ കാട്ടായിക്കോണത്ത്‌ അനുശോചനയോഗം ചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top