20 October Sunday

ലോ കോളേജിൽ കെഎസ്‌യു അക്രമം: 6 എസ്‌എഫ്‌ഐക്കാർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019

ലോ കോളേജിൽ കെഎസ്‌യു അക്രമത്തിൽ പരിക്കേറ്റ എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറി ജിഷ്‌ണുവിനെ ഡോക്ടർ പരിശോധിക്കുന്നു

തിരുവനന്തപുരം
ഗവ. ലോ കോളേജിൽ എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയടക്കം ആറുപേരെ കെഎസ്‌യുക്കാർ അക്രമിച്ചു. കാറിൽ മാരകായുധങ്ങൾ നിറച്ച്‌ ക്യാമ്പസിലെത്തിയ കെഎസ്‌യുക്കാർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ചൊവ്വാഴ്‌ച പകൽ രണ്ടോടെ കോളേജിലെ വിദ്യാർഥികളായ കെഎസ്‌യുക്കാരും പുറത്തുനിന്നുള്ള യൂത്തുകോൺഗ്രസുകാരും അടങ്ങുന്ന 15 അംഗസംഘമാണ്‌ കാറിൽ ആയുധങ്ങളുമായി ക്യാമ്പസിലെത്തി എസ്‌എഫ്‌ഐ പ്രവർത്തകരെ തെരഞ്ഞുപിടിച്ച്‌ മർദിച്ചത്‌. ഹോക്കി സ്റ്റിക്കുകൊണ്ട്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറി ജിഷ്‌ണു എസ്‌ നാഥിനെ ആക്രമിച്ചു. അവശനിലയിലായ ജിഷ്‌ണു അടക്കമുള്ള എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എസ്‌എഫ്‌ഐ പ്രവർത്തകരായ എ ജെ ആദിത്‌, ആഷിക്‌ രാജ്‌, ഗോകുൽ, അഖിൽ സന്തോഷ്‌ എന്നിവരെ ബിയർ ബോട്ടിൽ, ഇരുമ്പ്‌ വടി, ബൈക്കിന്റെ സയലൻസർ, ഹെൽമെറ്റ്‌ എന്നിവ ഉപയോഗിച്ചാണ്‌ മർദിച്ചത്‌. ‌ആദിത്തിന്റെയും ആഷിക്കിന്റെയും തലപൊട്ടി ചോരയൊലിച്ചിട്ടും മർദനം തുടർന്നു. ആക്രമണത്തിനിടെ ക്യാമ്പസിലെത്തിയ കെഎസ്‌യു പ്രവർത്തകൻ അരുൺ വിജയനെയും മർദിച്ചു. അക്രമികളിൽ പലരും മദ്യലഹരിയിലായിരുന്നു. പല സെമസ്റ്ററുകളുടെയും പരീക്ഷ നടക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിത ആക്രമണം. അധ്യാപകർ തടയാൻ ശ്രമിച്ചിട്ടും സംഘം പിൻവാങ്ങാൻ തയ്യാറായില്ല.
 
പിന്നീട്‌ പൊലീസെത്തി ലാത്തി വീശിയാണ്‌ സംഘത്തെ തുരത്തിയത്‌. 15 അംഗ അക്രമി സംഘത്തിലെ രണ്ടുപേരെ പൊലീസ്‌ സംഭവസ്ഥലത്തുനിന്ന്‌ പിടികൂടി. കെഎസ്‌യുക്കാരായ അർജുൻ ബാബു, നിഖിൽ എന്നിവരാണ്‌ പിടിയിലായത്‌. അക്രമികൾ ആയുധങ്ങളുമായി എത്തിയ കെഎൽ 21 9എൽ 9444 ഓൾട്ടോ കാർ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. അതിൽനിന്ന്‌ ഹോക്കി സ്റ്റിക്ക്‌, ഇരുമ്പ്‌ ദണ്ഡ്‌, സൈക്കിൾ ചെയിൻ, മദ്യകുപ്പികൾ എന്നിവ പൊലീസ്‌ കണ്ടെത്തി. കെഎസ്‌യുക്കാർ ഒന്നാം വർഷ വിദ്യാർഥികളെ തിങ്കളാഴ്ച റാഗ് ചെയ്തത് എസ്എഫ്‌ഐ പ്രവർത്തകർ ചോദ്യം ചെയ്തതിന്റെ പകയാണ്‌ ആക്രമണത്തിനു കാരണം. റാഗിങ്ങിനെതിരെ വിദ്യാർഥികൾ പ്രിൻസിപ്പലിന്‌ പരാതി നൽകിയതും പകയ്‌ക്ക്‌ കാരണമായി.
പ്രധാന വാർത്തകൾ
 Top