21 October Monday
സിബിഐ അന്വേഷിക്കണം

മുഖ്യമന്ത്രിക്ക്‌ ബാലഭാസ്‌കറിന്റെ അച്ഛന്റെ നിവേദനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019

തിരുവനന്തപുരം

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ പിതാവ്‌ ഉണ്ണി മുഖ്യമന്ത്രി പിണറായി വിജയന്‌ നിവേദനം നൽകി. അപകടത്തിന്റെ സത്യാവസ്ഥ പുറത്തുവരാൻ സിബിഐ അന്വേഷണം ആവശ്യമാണെന്ന്‌ കാട്ടിയാണ്‌ നിവേദനം സമർപ്പിച്ചതെന്ന്‌ ഉണ്ണി ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.  ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ച്‌ അന്വേഷണം അന്തിമഘട്ടത്തിലാണ്‌.  ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം ഓടിച്ചത്‌ അർജുനാണെന്ന്‌ വ്യക്തമാക്കുന്ന ഫോറൻസിക്‌ പരിശോധന ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപകടവുമായി ബന്ധപ്പെട്ട്‌ ഗൂഢാലോചന നടന്നതായി സൂചിപ്പിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. അപകടസമയത്ത്‌ കാർ അമിതവേഗതയിൽ ആയിരുന്നെന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ അർജുനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക്‌ ക്രൈംബ്രാഞ്ച്‌ കേസെടുത്തു. തൃശൂരിൽ വടക്കുംനാഥ ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങുമ്പോഴാണ് സെപ്തംബർ 25ന് ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്ത്‌ അപകടത്തിൽപ്പെട്ടത്‌. മകൾ തേജസ്വിനി ബാല സംഭവസ്ഥലത്ത്‌ മരിച്ചു. ചികിത്സയിലിരിക്കെയാണ്‌ ബാലഭാസ്‌കർ മരിച്ചത്‌. ആദ്യം ആറ്റിങ്ങൽ ഡിവൈഎസ്‌പിയാണ്‌ കേസ്‌ അന്വേഷിച്ചത്‌. പിന്നീട് ബാലഭാസ്കറിന്റെ പിതാവ് മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടർന്ന്‌ അന്വേഷണം ക്രൈംബ്രാഞ്ചിന്‌ വിട്ടു.

പ്രധാന വാർത്തകൾ
 Top