11 December Wednesday
ബാലഭാസ‌്കറിന്റെ മരണം

ക്രൈംബ്രാഞ്ച‌് അന്വേഷണ റിപ്പോർട്ട‌് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019
തിരുവനന്തപുരം
ബാലഭാസ‌്കറിന്റെ മരണവുമായി ബന്ധപ്പെട്ട‌് ക്രൈംബ്രാഞ്ച‌് സംഘം ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട‌് സമർപ്പിച്ചു. കേസിന്റെ ഇതുവരെയുള്ള പുരോഗതി, പ്രകാശൻ തമ്പി, വിഷ‌്ണു എന്നിവരുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയടങ്ങിയ ഏഴ‌് പേജ‌് റിപ്പോർട്ടാണ‌് സമർപ്പിച്ചത‌്.
 
ഇതേ സമയം സ്വർണക്കടത്ത‌് കേസിൽ ജയിലിൽ കഴിയുന്ന വിഷ‌്ണുവിനെ ചോദ്യം ചെയ്യാൻ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി ക്രൈംബ്രാഞ്ചിന‌് അനുമതി നൽകി. ശനിയാഴ‌്ച വിഷ‌്ണുവിനെ കാക്കനാട‌് സബ‌്ജയിലിൽ എത്തി ചോദ്യം ചെയ്യും.
 
ബാലഭാസ‌്കറുമായി ബന്ധം പുലർത്തിയിരുന്ന വിഷ‌്ണു അടുത്തിടെയാണ‌് സ്വർണക്കടത്ത‌് കേസിൽ കോടതിയിൽ കീഴടങ്ങിയത‌്. ബാലഭാസ‌്കറിന്റെ മരണവുമായി ബന്ധപ്പെട്ട‌് വിഷ‌്ണുവിനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ‌് ചോദ്യം ചെയ്യൽ. കേസന്വേഷണം അന്തിമഘട്ടത്തിലാണ‌്. ഫൊറൻസിക‌് പരിശോധന,  ക്രാഷ‌് ടെസ‌്റ്റ‌് എന്നിവയുടെ പരിശോധന ഫലത്തിനായി കാക്കുകയാണ‌് സംഘം. ശാസ‌്ത്രീയ പരിശോധനകളുടെ ഫലത്തിൽ നിന്ന‌് അപകട സമയത്ത‌് വാഹനം ഓടിച്ചത‌് ആരെന്ന‌് ഉറപ്പിക്കാൻ കഴിയും. 
ഡ്രൈവർ അർജുൻ തന്നെയാണ‌് വാഹനം ഓടിച്ചത‌് എന്നാണ‌് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം ശാസ‌്ത്രീയ പരിശോധനയിൽ ഉറപ്പിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ‌് തീരുമാനം. അർജുൻ ക്രൈംബ്രാഞ്ച‌ിന്റെ നിരീക്ഷണത്തിലാണ‌്. അപകട ശേഷം അർജുൻ മൊഴിമാറ്റിയതോടെയാണ‌് സംശയങ്ങൾ ശക്തമായത‌്. 
 
ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ വാഹനം ഓടിച്ചത‌് താനാണെന്ന‌് പറഞ്ഞ അർജുൻ പിന്നീട‌് ബാലഭാസ‌്കറാണ‌് വാഹനം ഓടിച്ചതെന്ന‌് മൊഴി മാറ്റി.  ക്രൈംബ്രാഞ്ച‌് ചോദ്യം ചെയ്യലിൽ വീണ്ടും മലക്കം മറിഞ്ഞു. ഓടിച്ചത‌് ആരെന്ന‌് ഓർമയില്ലെന്നായിരുന്നു പിന്നീടുള്ള മറുപടി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top