19 October Saturday

അച്ഛനെ ആക്രമിച്ച്‌ വീടിനു തീയിട്ട മകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

രാജേഷ് കുമാർ

 കരകുളം

വീട് വിറ്റ പണം നൽകാത്തതിൽ പ്രകോപിതനായി വീടിനു തീവച്ചയാളെ പൊലീസ് അറസ്റ്റുചെയ്തു. കരകുളം അയണിക്കാട് മാമ്പഴക്കോണം മംഗലശ്ശേരി വീട്ടിൽ ചന്തു എന്ന രാജേഷ് കുമാറിനെ (31)യാണ് അരുവിക്കര പൊലീസ് അറസ്റ്റുചെയ്തത്. 
 
വീടും വസ്തുവും വിറ്റ് ധൂർത്തടിക്കാൻ പണം നൽകാത്തതിലുള്ള വിരോധത്തിൽ ഇയാൾ അച്ഛനെ ആക്രമിച്ചശേഷമാണ‌് വീടിനു തീവച്ചതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 9.30-നാണ് സംഭവം. കമ്പിപ്പാരയുമായെത്തിയ രാജേഷ് അച്ഛൻ വിക്രമൻനായരെ (67) അടിച്ചോടിച്ചശേഷം വീട്ടിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് ഉപകരണങ്ങളിലും തുണികളിലും ഒഴിച്ചശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീകത്തിച്ചു. 
 
അലമാര, കസേര, മേശ, ടി.വി, മ്യൂസിക് സിസ്റ്റം, ലാപ്ടോപ്, ക്യാമറ തുടങ്ങിയ വീട്ടുപകരണങ്ങളെല്ലാം കത്തിയമർന്നു. ആസ്ബസ‌്റ്റോസ് ഷീറ്റിട്ട വീട് പൂർണമായി നശിച്ചു. നാട്ടുകർ അറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് ഫയർഫോഴ്സ് അധികൃതരെത്തി തീ അണച്ചതിനാൽ മറ്റു വീടുകളിലേക്ക് പടരുന്നത് തടയാനായി.രണ്ടു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. 
 
സ്ഥലത്ത് എത്തിയ അരുവിക്കര സിഐ  ഷിബുകുമാർ, എസ്ഐ  മണികണ്ഠൻ നായർ, സീനിയർ സിപിഒമാരായ പത്മരാജ്, സുദർശനൻ, ഷൈജു, സിപിഒ  സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് അക്രമാസക്തനായി നിന്ന പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളുടെ പേരിൽ പൊലീസിനെ ആക്രമിച്ചതുൾപ്പെടെയുള്ള  കേസുകളുള്ളതായി പൊലീസ് പറഞ്ഞു. കോടതി  പ്രതിയെ റിമാൻഡ് ചെയ്തു.
പ്രധാന വാർത്തകൾ
 Top