02 June Friday
ദിവസവും 70 കിലോമീറ്റർ

പാൽമണി ഉന്തുന്നത് ജീവിതമാണ്

ബി ആർ അജീഷ് ബാബുUpdated: Tuesday Mar 28, 2023

പാൽമണി നെല്ലിക്കാ കച്ചവടത്തിനിടെ

പാറശാല 
തമിഴ്നാട് കൊല്ലങ്കോട് കിരാത്തൂരുകാരൻ പാൽമണിക്ക് പ്രായം 72. ജീവിക്കാനുള്ളവക കണ്ടെത്താൻ ദിവസവും ഉന്തുവണ്ടിയിൽ നെല്ലിക്കയുമായി താണ്ടുന്നത് 70 കിലോമീറ്ററിലധികം ദൂരം. ആ യാത്രയിൽ അതിർത്തിയും മഴയും കൊടുംവേനലുമെല്ലാം ഈ വയോധികനുമുന്നിൽ വഴിമാറും.  
തമിഴ്നാടിന്റെയും കേരളത്തിലെയും അതിർത്തി പ്രദേശങ്ങളിലുള്ളവർക്കെല്ലാം പാൽമണി സുപരിചിതനാണ്. ദിസവും രാവിലെ 5.30ന് വീട്ടിൽ നിന്നിറങ്ങുന്ന അദ്ദേഹം രാത്രി എട്ടോടെയാണ് തിരിച്ചെത്തുന്നത്. ഓരോ ദിവസവും ഓരോ റൂട്ടുകളിലാണ് സഞ്ചാരം. നാഗർകോവിലിൽനിന്ന് നെല്ലിക്കവാങ്ങി കൊല്ലങ്കോട്ടെത്തിച്ച് ഉന്തുവണ്ടിയിൽ നെയ്യാറ്റിൻകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചാണ് വിൽപ്പന. ആദ്യകാലത്ത് ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയായിരുന്നു കച്ചവടം. എന്നാൽ ഇവ വിറ്റുപോയില്ലെങ്കിൽ കേടായിപ്പോകുന്നതിനാൽ നെല്ലിക്ക കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ഉന്തുവണ്ടിയിലെ കച്ചവടത്തിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനം സ്വരുക്കൂട്ടിവച്ച് മൂന്ന് പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചതിനെക്കുറിച്ച് പറയുമ്പോൾ പാൽമണിയുടെ കണ്ണുകളിൽ ഇനിയും കഠിനാധ്വാനം ചെയ്യാനുള്ള ആത്മവിശ്വാസം നിറയും. മകന്റെയും വിവാഹം കഴിഞ്ഞു. ഭാര്യ മരിയ സെൽവിയും പാൽമണിയുമാണ്‌ ഇപ്പോൾ വീട്ടിലുള്ളത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top