27 September Sunday

വെട്ടിലായത്‌ ബിജെപിയും കോൺഗ്രസും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

കാട്ടാക്കട

കാഞ്ഞിരംവിളയിൽ സംഗീതിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികൾ പിടിയിലായതോടെ  വെട്ടിലായത്‌ ബിജെപിയും കോൺഗ്രസും. കൊലയാളി സംഘത്തിലെ അഞ്ചുപേർ സജീവ ബിജെപി ‐ആർഎസ്എസ് പ്രവർത്തകരും പ്രധാന പ്രതികളടക്കം രണ്ടുപേർ കോൺഗ്രസുകാരുമാണ്. മണ്ണ് കടത്ത് സംഘത്തിലെ പ്രധാനിയായ ഉത്തമൻ ആർഎസ്എസിന്റെയും ബിജെപിയുടെയും സജീവ പ്രവർത്തകനാണ്. മണ്ണ് കടത്തുമായി ബന്ധപ്പെട്ട് ഇയാളുടെ നേതൃത്വത്തിൽ  മുൻപും നിരവധി പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം സംരക്ഷകരായി എത്താറുള്ളത് ആർഎസ്എസിന്റെയും ബിജെപിയുടേയും നേതാക്കളാണ്. പ്രത്യുപകരമായി വിവിധ കേസുകളിൽപ്പെടുന്ന ആർഎസ്എസ്–- ബിജെപി ക്രിമിനലുകൾക്ക് എല്ലാ സഹായവും സംരക്ഷണവും ഇയാൾ ചെയ്യും. മിഥുൻ മാറനല്ലൂർ പഞ്ചായത്തിലെ ബിജെപി മെമ്പറുടെ മകനാണ്. സജീവ ആർ എസ്എസ് പ്രവർത്തകനും നിരവധി അക്രമ പ്രവർത്തനങ്ങളിൽ പങ്കാളിയുമാണ് മിഥുൻ. ലീനു, ലാൽ കുമാർ, വിനീഷ് എന്നിവരും ആർഎസ്എസുകാരാണ്. പ്രധാന പ്രതികളിൽ ഒരാളും ജെസിബി ഉടമയും ആയ സജു, ഡ്രൈവർ വിജിൻ എന്നിവർ കോൺഗ്രസ് പ്രവർത്തകരാണ്. കൊലപാതകം നടന്ന ഉടൻ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കൊലപാതകത്തിന് ഉത്തരവാദി സർക്കാരാണെന്നും പറഞ്ഞ് കോൺഗ്രസ്, ബിജെപി നേതാക്കൾ പരസ്യ പ്രസ്താവനകളുമായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ, പ്രതികളെ പിടികൂടിയതോടെ പ്രസ്താവന ഇറക്കിയും സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയും നേതാക്കൾ തന്നെ പ്രതികൾക്ക് പിന്തുണയുമായി സ്റ്റേഷനിൽ എത്തി. അറസ്റ്റിലായവരിൽ ചിലരെ ഒഴിവാക്കണമെന്ന ആവശ്യവുമായി മാറനല്ലൂർ പഞ്ചായത്തിലെ മൂന്ന് ബിജെപി പഞ്ചായത്ത് അംഗങ്ങളും ബിജെപി മണ്ഡലം പ്രസിഡന്റുമടക്കമുള്ള നേതാക്കൾ മണിക്കൂറുകൾ കാട്ടാക്കട സ്റ്റേഷനിൽ തമ്പടിച്ചിരുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ വഴങ്ങിയില്ല. പ്രതികൾ പിടിയിലായതോടെ പ്രദേശത്തെ മണ്ണ് കടത്ത് സംഘങ്ങളും അവർക്ക് സംരക്ഷണം നൽകുന്ന ബിജെപി കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധങ്ങളും കൂടിയാണ് പുറത്ത് വന്നിരിക്കുന്നത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top