23 January Wednesday
ചെല്ലഞ്ചി പാലം

മനോരമ വാര്‍ത്തയെ അവജ്ഞയോടെ തള്ളിക്കളയുക: ഡി കെ മുരളി എംഎല്‍എ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 27, 2017
പാലോട് > ചെല്ലഞ്ചി പാലവുമായി ബദ്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന  മനോരമ വാര്‍ത്തയെ അവജ്ഞയോടെ തള്ളിക്കളയണമെന്ന് ഡി കെ മുരളി എംഎല്‍എ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. നിയോജക മണ്ഡലത്തിലെ കല്ലറ, നന്ദിയോട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാമനപുരം നദിക്ക് കുറുകെ ചെല്ലഞ്ചിയില്‍ പാലത്തിന്റെ പണി നടന്നുവരികയാണ്. എന്നാല്‍, തെറ്റിദ്ധാരണ പരത്തുന്ന വിധം ചില നിക്ഷിപ്ത താല്‍പ്പര്യക്കാരെ മുന്‍ നിര്‍ത്തിയാണ് മനോരമ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്.
 
മനോരമ യഥാര്‍ഥ വസ്തുതകള്‍ മറച്ചുവയ്ക്കുകയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ചെല്ലഞ്ചി പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2010 ജൂലൈയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനാണ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. നിര്‍മാണച്ചുമതല ഏറ്റെടുത്തിരുന്ന കെഎസ്സിസി പണിയില്‍ വീഴ്ച വരുത്തിയ സാഹചര്യത്തില്‍ പ്രവൃത്തി പുനര്‍ലേലം ചെയ്ത് പുതിയ കരാറുകാരനെ ഏല്‍പ്പിക്കുകയായിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ പാലം പണി ഇഴഞ്ഞു തുടങ്ങി. കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍ എംഎല്‍എയുടെ ശ്രമഫലമായി പിന്നീട് വീണ്ടും പാലത്തിന്റെ പണി പുനരാരംഭിച്ചു. ഇപ്പോള്‍ 80 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. ഒരു തടസ്സവും കൂടാതെ പണി തുടരുകയുമാണ്. മാത്രവുമല്ല ചെല്ലഞ്ചി പാലം നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള  നഷ്ടപരിഹാരം നല്‍കുന്ന നടപടികളുമായി മുന്നോട്ടുനീങ്ങുന്നതിന് അന്നത്തെ എംഎല്‍എ വഹിച്ച സ്തുത്യര്‍ഹമായ പങ്ക് നാട്ടുകാര്‍ക്കറിയാം. എന്നാല്‍, രാഷ്ട്രീയലാക്കോടുകൂടി  യുഡിഎഫ് സര്‍ക്കാര്‍ അതിന് തടയിട്ടു. പാലം പണി തടസ്സപ്പെടുത്താനുള്ള നടപടികളാണ് അവര്‍  അഞ്ചുവര്‍ഷവും സ്വീകരിച്ചത്. ജില്ലാ ഭരണകൂടത്തെപ്പോലും ഇതിനുവേണ്ടി ഉപയോഗിച്ചു. മലയോര മേഖലയെ എക്കാലവും അവഗണിച്ചുപോന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടില്‍നിന്ന് വ്യത്യസ്തമായി വികസന കാഴ്ച്ചപ്പാടോടെ എല്‍ഡിഎഫ് അതിവേഗം പാലത്തിന്റെ അന്തിമഘട്ട പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയാണ് ഇപ്പോള്‍.
 
ഭൂമി വിട്ടുനല്‍കിയവര്‍ക്ക് ഒരു കോടി 92 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.  ഈ സാഹചര്യത്തിലാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. ഇതിനായി മനോരമയെ കൂട്ടുപിടിക്കുകയായിരുന്നു. മനോരമ പത്രത്തില്‍ നല്‍കിയ ചിത്രത്തില്‍ കാണുന്ന രീതിയില്‍ അക്കരെയിക്കരെ ബന്ധിപ്പിച്ചു നടന്നുവരാനുള്ള രീതിയില്‍ പാലത്തിന്റെ പ്രവൃത്തി എത്തിയത് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷമാണ് എന്നത് പ്രത്യേകം ഓര്‍മിപ്പിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ സമയബന്ധിതമായി പണി പൂര്‍ത്തിയാക്കി പാലം ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്നതില്‍  സംശയം വേണ്ട. പാലത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ പോകുന്ന സാഹചര്യത്തില്‍ പണി നിലച്ചുവെന്നും മറ്റും ആരോപിച്ച് സമരമുഖത്തേക്ക് കടക്കുമെന്നൊക്കെ പറയുന്നത് ജനങ്ങളില്‍നിന്ന് യഥാര്‍ഥ വസ്തുതകള്‍ മറച്ചുവയ്ക്കാനും രാഷ്ട്രീയലാക്കോടെ ലാഭം കൊയ്യാമെന്ന ഉദ്ദേശത്തോടും കൂടിയാണ്.  ഇത്തരം പ്രവര്‍ത്തനങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്ന് ഡി കെ മുരളി എംഎല്‍എ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top