16 October Saturday

ചായ, ചാറ്റ്‌ പിന്നെ തൊഴിലും

സ്വന്തം ലേഖകൻUpdated: Monday Sep 27, 2021
 
തിരുവനന്തപുരം  
കോവിഡ്‌കാല ദുരിതങ്ങളിൽനിന്ന്‌ കരകയറാൻ നൂതന സംരംഭങ്ങൾ അന്വേഷിക്കുന്നവർക്ക്‌ മാതൃകയൊരുക്കി കാട്ടാൽ വ്യവസായ വികസന സമിതി. ചായക്കട ചർച്ചകളെ സജീവമാക്കുന്നതോടൊപ്പം അവ സാങ്കേതികവിദ്യ–-സേവന കേന്ദ്രങ്ങൾ കൂടിയാക്കുകയാണ്‌ കാട്ടാക്കട മണ്ഡലത്തിൽ.  
‘കമ്യൂണിക്കേഷൻ ഹബ്’ എന്ന നിലയിൽ കാലികമാവുകയാണ് പുതിയ കേന്ദ്രങ്ങൾ. ഐ ബി സതീഷ്‌ എംഎൽഎ ചെയർമാനായ സമിതി നടത്താനുദ്ദേശിക്കുന്ന വിവിധ പദ്ധതികളിൽ ഒന്നുമാത്രമാണ്‌ ഹബ്ബുകൾ. പദ്ധതികൾക്ക്‌ രൂപം നൽകുംമുമ്പ്‌ മണ്ഡലത്തിൽ നടത്തിയ സർവേകളും പഠനങ്ങളുമാണ്‌ കൃത്യമായ ദിശ നൽകിയത്‌. സംരംഭകത്വ മേഖലയിലെ യാഥാർഥ്യങ്ങളും സർവേയിലൂടെ കണ്ടെത്താനായി. പല കുടുംബശ്രീ യൂണിറ്റുകൾക്കും തൊഴിൽ നൈപുണ്യത്തിന്റെയും സാങ്കേതിക പരിജ്ഞാനത്തിന്റെയും അപര്യാപ്തതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്‌ പരിഹരിക്കാൻ ഗ്രാമീണ മേഖലയിലുൾപ്പെടെ വേണ്ട പരിശീലനം നൽകും. 
സർവേയുടെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച പ്രൊഫഷണൽ കോൺക്ലേവ്‌ യുവസംരംഭകരുടെ താൽപ്പര്യവും സന്നദ്ധതയും വിളിച്ചറിയിച്ചു. പലതരം ഉൽപ്പാദന, വിതരണ സംരംഭങ്ങൾക്കുള്ള വഴിതുറന്നു. ആരോഗ്യ–-വിനോദ–-വെർച്വൽ ടൂറിസം, ഭക്ഷ്യാേൽപ്പന്ന നിർമാണം, വസ്ത്രനിർമാണം, പ്രീഫാബ്‌ കെട്ടിട നിർമാണം തുടങ്ങിയ സംരംഭങ്ങൾക്കാണ്‌ മുൻഗണന. 
നാട്ടിലുള്ള അഭ്യസ്തവിദ്യർക്ക്‌ നാട്ടിൽത്തന്നെ തൊഴിൽ നൽകുക എന്നതാണ് സമിതിയുടെ കാഴ്‌ചപ്പാട്. പുതിയ തൊഴിൽ സംരംഭങ്ങളോടൊപ്പം നഷ്ടത്തിലായവയുടെ പുനരുജ്ജീവനവും നടക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top