24 October Thursday
രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിന്‌ പൊള്ളലേറ്റു

യുവതി തീകൊളുത്തി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

 

നെയ്യാറ്റിൻകര
ആശുപത്രിയിൽനിന്ന്‌ മടങ്ങിയെത്തിയശേഷം യുവതി തീകൊളുത്തി മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനെ പൊള്ളലേറ്റ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
അരുവിക്കര ചെറിയകൊണ്ണി സ്വദേശി നാരായണൻ കുട്ടിയുടെയും ശൈലജയുടെയും മകൾ ദേവികയാണ് (26) മരിച്ചത്‌. ഭർത്താവ്‌ പരശുവയ്ക്കൽ ആലമ്പാറ ചിറക്കോണം രോഹിണി നിവാസിൽ സുകുമാരൻ നായരുടെ മകൻ ശ്രീജിത്തിനാണ്‌ പൊള്ളലേറ്റത്‌. തലയ്‌ക്കും നെഞ്ചിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്‌. 
ചെങ്കൽ വട്ടവിള എരിക്കല്ലൂരിലാണ്‌ സംഭവം. ഞായറാഴ്ച തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ഡോക്ടറെ കണ്ടശേഷം രാത്രി ഒമ്പതോടെ ദമ്പതികൾ വട്ടവിളയിലെ വീട്ടിലെത്തി. അഞ്ച് വയസ്സുള്ള മകൻ ദേവജിത്തിനെ കാറിലിരുത്തിയശേഷം വീട്ടിൽ കയറിയ യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രീജിത്തിന് പൊള്ളലേറ്റതെന്നാണ് സൂചന. 
 വീട്ടിൽനിന്ന് പുകയും നിലവിളിയുമുയർന്നതിനെ തുടർന്ന് നാട്ടുകാരെത്തി തീയണച്ചശേഷം ഇരുവരേയും ആശുപത്രിയിലെത്തിച്ചു. ഈ സമയം ദേവജിത്ത്‌ കാറിൽ ഉറക്കത്തിലായിരുന്നു. പാറശാല പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
നെയ്യാറ്റിൻകരയില സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്രീജിത്. ഒരുമാസം മുമ്പാണിവർ ചെങ്കൽ വട്ടവിളയിൽ വാടകയ്ക്ക് വീടെടുത്ത് താമസമാരംഭിച്ചത്. അയൽവാസികളുമായി ഇരുവർക്കും കാര്യമായ ബന്ധമുണ്ടായിരുന്നില്ല.
 ദമ്പതികൾ തമ്മിൽ പ്രശ്‌നങ്ങളുള്ളതായോ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നതോ സൂചനയില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനമാകാം സംഭവത്തിനു പിന്നിലെന്നാണ്‌ നിഗമനം.
 
 
പ്രധാന വാർത്തകൾ
 Top