തിരുവനന്തപുരം
പത്തു വയസ്സുകാരനായ ഓട്ടിസം ബാധിതനെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കേരളാദിത്യപുരം സ്വദേശി ‘അഷ്ടമി’ വീട്ടിൽ സന്തോഷ് കുമാറിനെയാ(50)ണ് ശ്രീകാര്യം സിഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ മെഡിക്കൽ കോളേജാശുപത്രി പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഇയാൾ ഒളിവിലായിരുന്നു.
പ്രാഥമിക ചോദ്യം ചെയ്യലിൽ സന്തോഷ് കുറ്റം സമ്മതിച്ചതായി സിഐ പറഞ്ഞു. കുട്ടിയെ ഒരുതവണ പീഡിപ്പിച്ചെന്നാണ് സമ്മതിച്ചത്. ഇത് പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല.
സന്തോഷ് ബിസ്കറ്റും ചോക്ലേറ്റും നൽകി കുട്ടിയുമായി ആദ്യം ചങ്ങാത്തം സ്ഥാപിച്ചു. ചികിത്സയുടെ ഭാഗമായി ഇത്തരം ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതിൽ കുട്ടിക്ക് നിയന്ത്രണമുണ്ടായിരുന്നു. ഇതാണ് ഇയാൾ മുതലെടുത്തത്. സംഭവ ദിവസം കുട്ടിക്ക് ബിസ്കറ്റ് നൽകാമെന്ന് പറഞ്ഞ് സ്റ്റാഫ് ബാത്ത്റൂമിൽ എത്തിച്ച് പീഡിപ്പിക്കുകയായായിരുന്നു.
റിമാൻഡിലായ സന്തോഷിനെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. പിന്നീട് സ്കൂളിൽ എത്തിച്ച് തെളിവെടുക്കും.
ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അമ്മ കൗൺസിലറുടെ സഹായം തേടുകയായിരുന്നു. ചികിത്സ തേടിയിരുന്ന സ്ഥാപനത്തിലെ കൗൺസിലറോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തി. പ്രത്യേകം രൂപീകരിച്ച വിദഗ്ധ സംഘത്തിന് മുന്നിലും മെഡിക്കൽ പരിശോധന നടത്തിയ ഡോക്ടറോടും ഇക്കാര്യങ്ങൾ ആവർത്തിച്ചു. ഇതിനിടെയാണ് അധ്യാപകൻ ഒളിവിൽ പോയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..