14 August Friday
സ്വന്തം ലേഖകൻ

നഗരസഭാധ്യക്ഷയെ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

ഡബ്ല്യു ആർ ഹീബയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

 
നെയ്യാറ്റിൻകര 
നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്‌സൻ ഡബ്ല്യു ആർ ഹീബയ്‌ക്കുനേരെ യുഡിഎഫ്‌ കൗൺസിലറുടെ ആക്രമണം. കണ്ണിനും കൈ‌ക്കും കാലിനും ഗുരുതര പരിക്കോടെ ഹീബയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 
വെള്ളിയാഴ്‌ച പകൽ 11.30 ഓടെ കൗൺസിൽയോഗം കഴിഞ്ഞ് പിരിയവേ  കോൺഗ്രസ് അംഗം ലളിതയുടെ നേതൃത്വത്തിലാണ്‌ ചെയർപേഴ്‌സനെ വളഞ്ഞിട്ട്‌ ആക്രമിച്ചത്‌. 
 
കൗൺസിൽയോഗം യുഡിഎഫ്‌ ബഹിഷ്‌കരിച്ചിരുന്നു. തുടർന്ന്‌ അഴിമതിയാരോപിച്ച്‌ ലളിതയുടെ നേതൃത്വത്തിൽ യുഡിഎഫ് കൗൺസിലർമാർ ഹാളിന് മുന്നിൽ ബഹളംവച്ചു. 
 
അതിനിടെ, അജണ്ടയെല്ലാം പൂർത്തീകരിച്ച് കൗൺസിൽ പിരിഞ്ഞ്‌  ചെയർപേഴ്സൻ പുറത്തേക്കിറങ്ങി. ഈ സമയം കൗൺസിലർമാർ ചെയർപേഴ്‌സനെ വളഞ്ഞുവച്ച്‌ മുദ്രവാക്യം വിളിച്ചു. ഇതിനിടെയാണ്‌ ഹീബയെ ലളിത മർദിച്ചത്‌. 
 
അടിയേറ്റ്‌ നിലത്തുവീണ ഹീബയുടെ ഇടത് കണ്ണിനും കൈ‌ക്കും കാലിനും പരിക്കേറ്റു. അടുത്തിടെ  ഇവർ നേത്ര ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. അതിനാൽ കണ്ണിനുള്ള  പരിക്ക് ഗുരുതരമാണ്‌.  ഹീബയെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.  കണ്ണിനേറ്റ‌ പരിക്ക്‌‌ ഗുരുതരമായതിനാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
 
സംഭവം വഴിതിരിച്ചുവിടാൻ  ‘മർദനമേറ്റു’ എന്ന‌ കള്ളംപറഞ്ഞ്‌  ലളിതയേയും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. കെപിസിസി സെക്രട്ടറിയും യുഡിഎഫ് ചെയർമാനുമായ സോളമൻ അലക്സിന്റെ ഭാര്യയാണിവർ.
തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ടുള്ള രാഷ്‌ട്രീയക്കളിയാണ്‌ യുഡിഎഫ്‌ നടത്തുന്നത്‌. ഒരു കോൺഗ്രസ്‌ കൗൺസിലർക്കെതിരെ സിപിഐ എം ലോക്കൽ സെക്രട്ടറി നൽകിയ പരാതിയിൽ വിജിലൻസ്‌ അന്വേഷണം നടക്കുകയാണ്‌.  
 
ഇതിന്റെ ശ്രദ്ധ തിരിച്ചുവിടാനും നഗരസഭയ്‌ക്കെതിരായി നുണപ്രചാരണങ്ങൾ നടത്താനും വേണ്ടിയുള്ള സമരത്തിന്റെ മറവിൽ അക്രമവും അഴിച്ചുവിടുകയാണ്‌. സമരം ജനങ്ങൾ ശ്രദ്ധിക്കുന്നില്ലെന്ന്‌ തോന്നിയതോടെയാണ്‌ ആക്രമണത്തിലേക്ക്‌ തിരിഞ്ഞത്‌.
സംഭവത്തിനുശേഷം യൂത്ത്‌ കോൺഗ്രസുകാർ‌ സംഘർഷത്തിന്‌ ശ്രമിച്ചു. ലളിതയുൾപ്പെടെയുള്ളവർക്കെതിരെ പൊലീസ്‌ കേസെടുത്തു. കോവിഡ്‌ സുരക്ഷാ മാനദണ്ഡം ലംഘിച്ച്‌  പ്രകടനം നടത്തിയതിന്‌ യൂത്ത്‌ കോൺഗ്രസുകാരുടെ പേരിലും  കേസെടുത്തു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top