05 December Thursday
വയോധികയുടെ കൊലപാതകം

വിനയായത്‌ സ്വത്തുസംബന്ധിച്ച്‌ 
വക്കീലുമായുള്ള ഫോൺ സംഭാഷണം

സ്വന്തം ലേഖകൻUpdated: Saturday Oct 26, 2024
ചിറയിൻകീഴ്  
അഴൂരിൽ മകളും പേരമകളും ചേർന്ന് വയോധികയെ കൊലപ്പെടുത്തിയതിനു പിന്നിൽ സ്വത്തുനോട്ടമിട്ടിട്ടെന്ന്‌ പൊലീസ്. അഴൂർ റെയിൽവേ സ്‌റ്റേഷനു സമീപം ശിഖാഭവനിൽ നിർമലയെയാണ്‌ മകൾ ശിഖയും പേരക്കുട്ടി ഉത്തരയും ചേർന്ന്‌ കൊലപ്പെടുത്തിയത്‌.  
നിർമലയുടെ പേരിൽ ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിലുൾപ്പെടെയുള്ള സ്ഥിര നിക്ഷേപങ്ങളും മറ്റ് വസ്തുവകകളും തങ്ങളുടെ പേരിലാക്കാനായിരുന്നു ഇവരുടെ നീക്കം. ഇതിനായി അക്ഷയ സെന്റർവഴി നടത്തിയ ശ്രമങ്ങളുടെ വിവരങ്ങളും നിർമലയെ കൊലപ്പെടുത്തിയശേഷം ഉത്തര വക്കീലുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം അന്വേഷണം ഇവരിലേക്കെത്താൻ പൊലീസിന്‌ സഹായകമായി. 
പരിശോധനയ്‌ക്കായി പൊലീസ് ഫോൺ വാങ്ങിപ്പോയശേഷം ഉത്തര മറ്റൊരു ഫോൺ വാങ്ങിയതായി നാട്ടുകാർ പറയുന്നു. ശിഖയ്ക്ക് ഉത്തരയെ കൂടാതെ 24 വയസ്സുള്ള മറ്റൊരു മകളുമുണ്ട്. ഈ കുട്ടി വർഷങ്ങൾക്കുമുമ്പ്‌ വീടിന്റെ ടെറസിൽനിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് കിടപ്പിലാണ്. അമ്മയും സഹോദരിയും അറസ്റ്റിലായതോടെ ഈ കുട്ടിയെ വക്കത്ത് പ്രവർത്തിക്കുന്ന കലാഭവൻ മണി സേവാസമാജത്തിലേക്ക്‌ പൊലീസ്‌ നേതൃത്വത്തിൽ മാറ്റി. ഉത്തര അവിവാഹിതയാണ്. 
നിർമലയ്ക്കൊപ്പം ഒരു വീട്ടിലായിരുന്നു ശിഖയും മക്കളുമെങ്കിലും പ്രത്യേകം മുറി തിരിച്ച് പുറത്തേക്ക്‌ വാതിലടക്കം നിർമിച്ചാണ് നിർമല കഴിഞ്ഞിരുന്നത്. പാചകവും വെവ്വേറെയായിരുന്നു. ശിഖയുടെ ഭർത്താവായ മുട്ടപ്പലം സ്വദേശി എട്ട് വർഷം മുമ്പ്‌ മരിച്ചു. പല കാരണങ്ങളാൽ ശിഖയും അമ്മയും നിരന്തരം വഴക്കും വാക്കേറ്റവും ഉണ്ടാകുമായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്. കഴിഞ്ഞ 14ന് ഇവർ തമ്മിൽ നടന്ന വാക്കേറ്റത്തെ തുടർന്നാണ് നിർമല കൊല്ലപ്പെട്ടത്. ദിവസവും അടുത്തുള്ള ക്ഷേത്രങ്ങളിൽ പോകാറുള്ള നിർമല നാട്ടുകാരോട് നല്ല അടുപ്പം പുലർത്തിയിരുന്നു. ചായ മാത്രമാണ്‌ വീട്ടിലുണ്ടാക്കിയിരുന്നത്‌. ഇതിനുള്ള പാൽ വീട്ടിലേക്ക്‌ വരുത്തിച്ചിരുന്നു. ബാക്കി ഭക്ഷണമെല്ലാം തൊട്ടടുത്ത ഹോട്ടലിൽനിന്ന് വരുത്തിയാണ് കഴിച്ചിരുന്നത്.
ശിഖയ്ക്കും മകൾക്കും പരിസരവാസികളോടുപോലും സമ്പർക്കമുണ്ടായിരുന്നില്ല. അമേരിക്കയിലും തിരുവനന്തപുരത്തും താമസിക്കുന്ന മറ്റ് രണ്ട് സഹോദരിമാരുമായും അകൽച്ചയിലാണ്‌. 
17 ന് വൈകിട്ട് അമ്മൂമ്മയെ വിളിച്ചിട്ട് അനക്കമില്ലന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ മെമ്പറെ വിളിക്കാൻ ഫോൺ നമ്പർ വേണമെന്നും ഉത്തര അയൽവാസിയോട് ആവശ്യപ്പെട്ടു. തുടർന്ന് നാട്ടുകാരെത്തുകയും പൊലീസിലറിയിക്കുകയും ചെയ്‌തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. ശാസ്ത്രീയ തെളിവുകളുടെയും സഹായത്തോടെയുള്ള ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top