23 July Tuesday

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019
തിരുവനന്തപുരം> കാഴ്ചയുടെ ആറ് പകലിരവുകളൊരുക്കിയ പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് ബുധനാഴ‌്ച കൊടിയിറങ്ങും. വൈകിട്ട് 5.30ന് കൈരളി തിയറ്ററിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും.
 
സാംസ്‌കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷനാവും. ഡോക്യുമെന്ററി സംവിധായിക മധുശ്രീ ദത്തയ‌്ക്ക‌് സമഗ്ര സംഭാവനാ പുരസ്‌കാരം നൽകി ആദരിക്കും. വിവിധ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾക്കായി തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ സമാപന ചടങ്ങിൽ പ്രഖ്യാപിക്കും. 
 
ബുധനാഴ‌്ച മത്സര വിഭാഗത്തിലെയും ഫോക്കസ്, ക്യൂറേറ്റഡ് പാക്കേജുകളിലെയും പ്രദർശനം പൂർത്തിയാകും. അസമീസ് സംവിധായികയും ചെറുകഥാകൃത്തുമായ മഞ്ജു ബോറ, ചലച്ചിത്ര നിരൂപക നമ്രതാ ജോഷി, സംവിധായകനും തിരക്കഥാകൃത്തുമായ വസന്ത് സായ് എന്നിവരാണ് കഥാവിഭാഗത്തിലെ ജൂറികൾ. ഡോക്യുമെന്ററി സംവിധായിക ആൻഡ്രിയ ഗുസ്മാൻ, സംവിധായകൻ ഹൗബാം പബൻ കുമാർ, പരിസ്ഥിതി പ്രവർത്തകനും സംവിധായകനുമായ സഞ്ജയ് കക് എന്നിവരാണ് കഥേതര വിഭാഗത്തിലെ ജൂറികളാകുന്നത്.
 
മേളയിലെ മികച്ച ലോങ് ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം നേരിട്ട് ഓസ്‌കർ പ്രവേശനത്തിന് അർഹമാകും. ഡോക്യുമെന്ററി മേഖലയ്ക്ക് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള നൽകുന്ന സംഭാവനകൾ പരിഗണിച്ച് അക്കാദമി ഓഫ് മോഷൻ പിക്‌ച്ചേഴ്‌സ് ആർട്‌സ് ആൻഡ‌് സയൻസാണ് ഈ അവസരം ഏർപ്പെടുത്തിയത്. 
പ്രധാന വാർത്തകൾ
 Top