17 October Thursday
പാലം ഉദ‌്ഘാടനം ഉടൻ

ചേലേഴും ചെല്ലഞ്ചിപ്പാലം

എ എസ‌് ശരത‌്Updated: Wednesday Jun 26, 2019

ഉദ്‌ഘാടനത്തിനൊരുങ്ങുന്ന ചെല്ലഞ്ചിപ്പാലത്തിന്റെ ആകാശ ദൃശ്യം ഫോട്ടോകടപ്പാട്‌ : ചെല്ലഞ്ചിപ്പാലം ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്‌മ

പാലോട്
തലമുറകൾ കാത്തിരുന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക‌്. നാല‌് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെല്ലഞ്ചിപ്പാലം ഉദ‌്ഘാടനത്തിനൊരുങ്ങി. പെയിന്റിങ‌് ഉൾപ്പെടെ പാലത്തിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയായി. 2010ൽ വി എസ‌് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ‌് പാലംനിർമാണത്തിന‌് ശിലയിട്ടത‌്. എംഎൽഎയായിരുന്ന കോലിയക്കോട‌് കൃഷ‌്ണൻനായരുടെ ശ്രമഫലമായാണ‌് നിർമാണം ആരംഭിക്കാനായത‌്. നബാർഡിന്റെ സഹകരണത്തോടുകൂടി പതിനൊന്ന് കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. സ്ഥലമേറ്റെടുപ്പ‌് ഉൾപ്പെടെ വേഗത്തിൽ പൂർത്തിയാക്കി. എന്നാൽ, പിന്നീടുവന്ന യുഡിഎഫ‌് സർക്കാർ നിർമാണം അട്ടിമറിച്ചു. ഫണ്ട‌് ലഭിക്കാതെ പ്രവൃത്തികൾ നിലച്ചതിനാൽ നിർമാണ ഉപകരണങ്ങളും യന്ത്രസാമഗ്രികളും കടത്തിക്കൊണ്ടുപോകാനുള്ള കരാറുകാരുടെ ശ്രമം നാട്ടുകാർ തടഞ്ഞു.
 
സ്ഥലംവിട്ടുനൽകിയവർക്ക‌് നഷ്ടപരിഹാരം നൽകാതെ കബളിപ്പിച്ച യുഡിഎഫ‌് സർക്കാരിനെതിരെ കോലിയക്കോട‌് കൃഷ‌്ണൻനായർ നിയമസഭയ‌്ക്കകത്തും പുറത്തും നിരവധി പോരാട്ടങ്ങൾ നടത്തി. തുടർന്ന‌് പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതോടെ പാലം നിർമാണത്തിന‌് ജീവൻവച്ചു‌. ഡി കെ മുരളി എംഎൽഎയുടെ ഇടപെടലാണ‌് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനായത‌്. നബാർഡ‌് പിന്മാറിയതോടെ നിർമാണം സംസ്ഥാന സർക്കാരിനെക്കൊണ്ട‌് ഏറ്റെടുപ്പിച്ചതും എംഎൽഎയുടെ ശ്രമഫലമായാണ‌്. നിർമാണത്തിന്റെ ഓരോഘട്ടങ്ങളിലും എംഎൽഎ നേരിട്ടെത്തി പുരോഗതികൾ വിലയിരുത്തി‌. ജൂലൈയിൽ പാലത്തിന്റെ ഉദ‌്ഘാടനം നടത്താനാകും എന്നാണ‌് പ്രതീക്ഷ. അപ്രോച്ച് റോഡുകളുടെ വിപുലീകരണത്തിനായി കിഫ്ബിയിൽ പദ്ധതി സമർപ്പിച്ചിട്ടുണ്ട‌്. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ നടത്തുമെന്ന‌് എംഎൽഎ അറിയിച്ചു. അണിഞ്ഞൊരുങ്ങിയ പാലം കാണാൻ നിരവധി ആളുകൾ എത്തുന്നുണ്ട്.
 
പ്രധാന വാർത്തകൾ
 Top