18 July Thursday
ബാലഭാസ്‌കറിന്റെ അപകടമരണം

വിഷ‌്ണുവിനെ ചോദ്യം ചെയ്യാൻ അപേക്ഷ നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019
തിരുവനന്തപുരം
സ്വർണക്കടത്ത‌് കേസിൽ ജയിലിലുള്ള വിഷ‌്ണുവിനെ ചോദ്യം ചെയ്യാൻ അനുമതി തേടി  ബാലഭാസ‌്കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച‌് സംഘം ബുധനാഴ‌്ച കോടതിയിൽ അപേക്ഷ നൽകും. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിലാണ‌് അപേക്ഷ സമർപ്പിക്കുന്നത‌്.   വിഷ‌്ണുവും  ബാലഭാസ‌്കറും ബിസിനസ‌് സംരംഭത്തിൽ പങ്കാളികളായിരുന്നു. ബാലഭാസ‌്കറിന്റെ   അപകടവുമായി ബന്ധപ്പെട്ട‌് വിഷ‌്ണുവിനെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ‌് ഇയാളെ ചോദ്യം ചെയ്യുന്നത‌്.
 
അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ‌്ച അപകടം നടന്ന സ്ഥലത്തെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച‌് വിദഗ‌്ധ പരിശോധ നടത്തി. വിവിധ മൊബൈൽ കമ്പനികളുടെ സെൽ ഐഡികളും പരിശോധനയിൽ ലഭിച്ചു. ഇവ മൊബൈൽ കമ്പനികൾക്ക‌് കൈമാറും. അവരുടെ പരിശോധനയിൽ ഐഡിയുമായി ബന്ധപ്പെട്ട മൊബൈൽ ഫോണുകളുടെ നമ്പർ, ഒരോ ഫോണിലേക്കും വന്ന കോളുകൾ എന്നിവയുടെ വിവരം ശേഖരിക്കും. ഇതിൽ നിന്നും അപകട സമയത്ത‌ിന‌് തൊട്ടുമുമ്പും പിന്നാലെയും ബാലഭാസ‌്കർ, ഭാര്യ ലക്ഷ‌്മി, വാഹനത്തിൽ അദ്ദേഹത്തിന‌് ഒപ്പമുണ്ടായ അർജുൻ എന്നിവർക്ക‌് വന്ന കോളുകളുടെയും വിവരം ലഭ്യമാകും. നേരത്തെ മൊബൈൽ ഫോൺ കോളുകളുടെ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനാ ഫലവുമായി ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണ ഫലം താരതമ്യം ചെയ‌്ത‌് ആധികാരികത ഉറപ്പിക്കും. ഫോറൻസിക‌് റിപ്പോർട്ടും ഉടൻ ലഭിക്കുമെന്ന‌് പ്രതീക്ഷിക്കുന്നതായും ക്രൈംബ്രാഞ്ച‌് ഡിവൈഎസ‌്പി ഹരികൃഷ‌്ണൻ പറഞ്ഞു. സ്വർണക്കടത്ത‌് കേസിലെ പ്രതികളായ  സുനിൽകുമാർ, പ്രകാശൻ തമ്പി എന്നിവരെ ക്രൈംബ്രാഞ്ച‌് ജയിലിൽ എത്തി ചോദ്യം ചെയ‌്തിരുന്നു.
പ്രധാന വാർത്തകൾ
 Top