27 June Monday

ഇംഗ്ലണ്ടിൽ ഗോളടിക്കാൻ ‘മലയാളി ക്രിസ്‌റ്റ്യാനൊ’

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Thursday May 26, 2022

ക്രിസ്‌റ്റ്യാനൊ റൊണാൾഡോ, ഗോളടിക്കാൻ

 
തിരുവനന്തപുരം
തളർന്നപ്പോഴെല്ലാം രാഹുൽ രാജുവിന്റെ മനസ്സിൽ തെളിഞ്ഞത്‌ ക്രിസ്‌റ്റ്യാനൊ റൊണാൾഡോയുടെ മുഖവും വാക്കുകളും. ഇഷ്ടതാരമായ ‘സി ആർ സെവനിൽനിന്നും  പ്രചോദനം ഉൾക്കൊണ്ട്‌ പ്രതിഭയും കഠിനാധ്വാനവും ഊർജമാക്കി മുന്നേറുന്ന  പൂവാറുകാരൻ കളിമികവിൽ സ്വന്തമാക്കിയത്‌ റിലയൻസ്‌ ഫൗണ്ടേഷൻ ഡെവലപ്‌മെന്റ്‌ ലീഗിലെ ‘ഗോൾഡൻ ബൂട്ട്‌’. 
ഇംഗ്ലണ്ടിൽ നടക്കാൻ പോകുന്ന പ്രീമിയർ ലീഗ്‌ നെക്‌സ്‌റ്റ്‌ ജെൻ കപ്പിൽ ബംഗളൂരു എഫ്‌സി (ബിഎഫ്‌സി) ക്കായി കളിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ രാഹുൽ. ഇന്ത്യൻ ഫുട്‌ബോളിന്റെ വാഗ്‌ദാനമായ തിരുവനന്തപുരം സ്വദേശി  അടുത്തിടെ സമാപിച്ച റിലയൻസ്‌ ഡെവലപ്‌മെന്റ്‌ ലീഗിൽ ബംഗ്ലൂരു എഫ്‌സി(ബിഎഫ്‌സി)ക്കായി അടിച്ചുകൂട്ടിയത്‌ ഏഴ്‌ ഗോൾ. ഗോൾഡൻ ബൂട്ടിനും അർഹനായി. 
ഫുട്‌ബോൾതാരം ചേട്ടൻ ഗ്രേഷ്യസ്‌ രാജുവിന്‌ പിന്നാലെ കളിക്കളത്തിലെത്തിയതാണ്‌ രാഹുൽ. പഠനം ഉഴപ്പാതിരിക്കാൻ വീട്ടുകാർ കളിയെ എതിർത്തു. ഇതോടെ അവരുടെ കണ്ണ്‌ വെട്ടിച്ചായി കളി. ആദ്യ തട്ടകം പൂവാർ എസ്‌ബിഎഫ്‌എ.  ജി വി രാജയിൽ  കിട്ടിയതോടെ എതിർപ്പുകൾ  അയഞ്ഞു.  മുന്നേറ്റം കളത്തിലും പുറത്തും എളുപ്പമായിരുന്നില്ല. രണ്ടാം ദിനം സെലക്‌ഷൻ ക്യാമ്പിൽനിന്നും പറഞ്ഞുവിട്ടതടക്കം മനസ്സിൽ നീറ്റലായി. അവഗണനയുടെ വാക്കുകൾ പലവട്ടം കേട്ടു. ആ വേളകളിൽ ‘ചങ്കായ’ ക്രിസ്‌റ്റ്യാനോയുടെ വീഡിയോ  കണ്ട്‌ മനസ്സ്‌ റീചാർജ്‌ ചെയ്‌തു. കുടുംബവും എസ്‌ബിഎഫ്‌എ പരിശീലകരും കൂട്ടുകാരും കരുത്തായി. 
സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തെ ഫൈനലിലെത്തിച്ചതു വഴി ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ. എസ്‌ബിഎഫ്‌എ പരിശീലകൻ സീസൺ വഴിയാണ്‌ ബിഎഫ്‌സി സെലക്‌ഷനിൽ പങ്കെടുത്തത്‌. മിന്നിയപ്പോൾ 18 വയസ്സിന്‌ താഴെയുള്ള ടീമിൽ കരാറായി. പിന്നീട്‌ റിസർവ്‌ ടീമിൽ.  ഡ്യൂറന്റ്‌ കപ്പിനുള്ള സ്‌ക്വാഡിൽ  ഇടം ലഭിച്ചുമില്ല. ഡെവലപ്‌മെന്റ്‌ ലീഗ്‌ പരിശീലനത്തിനിടുന്ന പ്രധാന ടീമിൽ പോലും  ഇല്ലായിരുന്നു.  വാശി കൂടി. 
റിലയൻസിനെതിരെയുള്ള മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ഇറങ്ങി ഗോളടിച്ചതോടെ സ്ഥാനം ഉറച്ചു. ഗോൾവേട്ടയുടെ തുടക്കമായിരുന്നത്‌. സെലക്‌ഷൻ ക്യാമ്പിന്റെ രണ്ടാംദിനം വീട്ടിലേക്ക്‌ പറഞ്ഞുവിട്ട ജംഷഡ്‌പുർ എഫ്‌സിയോടും  കണക്ക്‌ തീർത്തു. അവർക്കെതിരെ അഞ്ച്‌ ഗോൾ ബിഎഫ്‌സി നേടിയപ്പോൾ അതിൽ രണ്ടും രാഹുലിന്റെതായിരുന്നു. ലീഗ്‌ അവസാനിക്കുമ്പോൾ  ഗോൾ നേട്ടം ഏഴ്‌. ഗോൾ നേടിയപ്പോഴല്ലാം ക്രിസ്‌റ്റ്യാനൊ ശൈലിയിൽ ആഘോഷിച്ചു. ആഘോഷത്തിന്‌ മാത്രമല്ല രാഹുലിന്റെ കളിക്കും പ്രിയതാരത്തോട്‌ സാമ്യം. ഇഷ്ടമേറുമ്പോൾ കൂട്ടുകാർ വിളിക്കുന്നതും പോൾച്ചുഗൽ സൂപ്പർ താരത്തിന്റെ പേര്‌. 
  ‘‘ടീമുമായി  കരാർ കാലാവധി ശേഷിക്കുന്നുണ്ട്‌. ‘‘ഇന്ത്യൻ  ടീമിൽ ഇടംപിടിക്കുകയാണ്‌ ലക്ഷ്യം.  ബിഎഫ്‌സി സീനിയർ ടീമിലും കളിക്കണം. നമ്മുടെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഇറങ്ങാനും ആഗ്രഹമുണ്ട്‌’’–രാഹുൽ പറഞ്ഞു. രാജു–-ഷീല ദമ്പതികളുടെ  മകനാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top