07 April Tuesday

498 പേർകൂടി നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
തിരുവനന്തപുരം  
ജില്ലയിൽ കോവിഡ്‌–- 19 പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി -7360 പേർ നിരീക്ഷണത്തിൽ. 6315 പേർ വീടുകളിലും 94 പേർ ആശുപത്രിയിലുമാണ്‌. 498 പേർ പുതുതായി നിരീക്ഷണത്തിലായി. രോഗലക്ഷണങ്ങളുമായി 16 പേരെ ജില്ലയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന 12 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 39 പേരും ജനറൽ ആശുപത്രിയിൽ 29 പേരുമാണുള്ളത്‌. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ അഞ്ചും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നാലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒമ്പതും എസ്എടി ആശുപത്രിയിൽ അഞ്ചും കിംസ് ആശുപത്രിയിൽ മൂന്നും പേരാണുള്ളത്‌. 116 സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചു. ബുധനാഴ്‌ച ലഭിച്ച 56 പരിശോധനാഫലവും നെഗറ്റീവാണ്. ആകെ അയച്ച 991 സാമ്പിളുകളിൽ 794 പരിശോധനാഫലം ലഭിച്ചു. 
 
പോസിറ്റീവ്‌ ആയവർ ഐസൊലേഷനിൽ
 
കോവിഡ്‌ 19 പോസിറ്റീവായ നാലുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലാണ്. ചൊവ്വാഴ്‌ച പോസിറ്റീവായ ആൾ ജനറൽ ആശുപത്രിയിലാണുള്ളത്‌. ആരോഗ്യനില തൃപ്തികരമാണ്. അഞ്ച് പേരുമായും അടുത്തിടപഴകിയവരെ കണ്ടെത്തി പരിശോധനയ്ക്ക്‌ സാമ്പിളുകൾ എടുത്തു. ഇവരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 31 പേരെയും ഐ എംജി ഹോസ്റ്റലിൽ 34 പേരെയും വേളിയിലെ സമേതി ഹോസ്റ്റലിൽ 18 പേരെയും താമസിപ്പിച്ചിട്ടുണ്ട്. ഡൊമസ്റ്റിക് എയർപോർട്ടിൽ എത്തിയ 40 പേരെ സ്ക്രീൻ ചെയ്തു. നാലുപേരെ പരിശോധനയ്‌ക്കയച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ 12 പേരെ സ്‌ക്രീൻ ചെയ്തു. അമരവിള, കോഴിവിള, ഉച്ചക്കട, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം, -കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറ എന്നിവിടങ്ങളിൽ  5929 യാത്രക്കാരെ സ്ക്രീനിങ് നടത്തി. എട്ടുപേരെ പരിശോധനയ്‌ക്കയച്ചു. ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി 5113 വീടുകൾ സന്ദർശിച്ച്‌  വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച്‌ ആവശ്യമായ ബോധവൽക്കരണം നടത്തി. 
 
മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരുന്ന വർക്കല റിസോർട്ടിൽനിന്ന്‌ വന്ന ഇറ്റാലിയൻ സ്വദേശിയെയും  തൃശൂർ സ്വദേശിയെയും പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ ഡിസ്‌ചാർജ്‌ ചെയ്തു. 28 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ തുടരണം. ഇറ്റാലിയൻ സ്വദേശിയെ  ഹോട്ടലിൽ താമസിച്ചാൽ വീണ്ടും പുറത്തുപോകാൻ സാധ്യതയുള്ളതിനാൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാക്കി.
പ്രധാന വാർത്തകൾ
 Top