14 July Tuesday

ഒരു ഫോൺകോൾ; സജിത്തിന്‌ മരുന്നെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

ഡിവൈഎഫ്ഐ പഴകുറ്റി മേഖലാ കമ്മിറ്റിയംഗം അനന്തകൃഷ്ണൻ സജിത്തിന്റെ വീട്ടിലെത്തി മരുന്ന്‌ കൈമാറുന്നു

നെടുമങ്ങാട് 
വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന് മരുന്നെത്തിച്ചുകൊടുത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ. ചുള്ളിമാനൂര്‍ ആരണ്യകില്‍ എസ് സജിത്തി (39)നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തുണയേകിയത്‌. വൃക്കമാറ്റിവയ്‌ക്കലിന്‌ വിധേയരായവര്‍ ഒരു ദിവസംപോലും മുടങ്ങാതെ കഴിക്കേണ്ട മരുന്നുകളാണ് എത്തിച്ചത്‌. 
 
ഒരു വര്‍ഷംമുമ്പ് എറണാകുളത്തെ സ്വകാര്യാശുപത്രിയിലാണ്‌ സജിത് വൃക്കമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക്‌ വിധേയനായത്. മരുന്നുകള്‍ അതത്‌ മാസംതോറും എറണാകുളത്തു പോയി വാങ്ങുകയോ കൊറിയറില്‍ വരുത്തിക്കുകയോ ആണ്‌ ചെയ്‌തിരുന്നത്‌. എന്നാൽ, കോവിഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതോടെ കൊറിയറും അനുബന്ധ സംവിധാനങ്ങളും മുടങ്ങി. നേരിട്ടുപോയി വാങ്ങാന്‍ തയ്യാറാകുമ്പോഴാണ് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്.
 
അപ്പോഴേക്കും രണ്ടോ മൂന്നോ ദിവസത്തെ മരുന്നുകൂടിയേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് സജിത് ഡിവൈഎഫ്ഐയുടെ ഹെൽപ്പ്‌ ലൈന്‍ നമ്പരില്‍ ചൊവ്വാഴ്ച ബന്ധപ്പെട്ടത്.
 
അടിയന്തര പ്രാധാന്യത്തോടെ  ഡിവൈഎഫ്ഐ പ്രവർത്തകർ മരുന്ന് ശേഖരിച്ച് ജില്ലാ സെക്രട്ടറി കെ പി പ്രമോഷിന് കൈമാറി. നെടുമങ്ങാട് ബ്ലോക്ക്‌ കമ്മിറ്റിക്കുകീഴിലെ പഴകുറ്റി മേഖലാ കമ്മിറ്റി വഴി സജിത്തിന് എത്തിച്ചു കൊടുക്കുകയുമായിരുന്നു. പഴകുറ്റി മേഖലാ കമ്മിറ്റി അംഗം അനന്തകൃഷ്ണനാണ് സജിത്തിന്റെ വീട്ടിലെത്തി മരുന്ന്‌ കൈമാറിയത്‌.  
പ്രധാന വാർത്തകൾ
 Top