31 March Tuesday

ആശ്വാസം; ആ 11 പേർക്ക്‌ കോവിഡ്‌ ഇല്ല

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
തിരുവനന്തപുരം
കോവിഡ്‌ 19 രോഗബാധ പ്രതിസന്ധിയിലാക്കിയ ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ടിന്‌ ആശ്വാസ വാർത്ത. രോഗബാധിതനുമായി അടുത്ത്‌ ഇടപഴകിയ 11 പേർക്ക്‌ വൈറസ്‌ ബാധിച്ചിട്ടില്ലെന്ന്‌ പരിശോധനയിൽ തെളിഞ്ഞു. 
 
സ്‌പെയിനിൽനിന്ന്‌ മടങ്ങിയെത്തിയ റേഡിയോളജിസ്‌റ്റിന്‌ കോവിഡ്‌ 19 ബാധിച്ചതാണ്‌ ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ താളം തെറ്റിച്ചത്‌. ഇദ്ദേഹവുമായി സമ്പർക്കത്തിലായ മെഡിക്കൽ സൂപ്രണ്ട്‌ ഉൾപ്പെടെയുള്ള 124 പേർ നിരീക്ഷണത്തിലായി. ഇവരിൽ ആശുപത്രിയിലെ വിവിധ വകുപ്പ്‌ മേധാവികളും ഡോക്ടർമാരും മറ്റുജീവനക്കാരും ഉണ്ടായിരുന്നു. രോഗികളും ഡോക്ടറുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലായി.
 
ഇവരിൽ അടുത്ത സമ്പർക്കം പുലർത്തിയ 24 പേരെ ഹൈറിസ്ക്‌ വിഭാഗത്തിലാണ്‌ ഉൾപ്പെടുത്തിയിരുന്നത്‌. ഇതിൽ ഏഴുപേർക്ക്‌ കോവിഡ്‌ ബാധ ഇല്ലെന്ന്‌ കഴിഞ്ഞ ആഴ്ചയിലെ പരിശോധനയിൽ തെളിഞ്ഞിരുന്നു.  രണ്ടുദിവസങ്ങളിലായി നാലുപേരുടെ ഫലംകൂടി വന്നു. ഇതും നെഗറ്റീവാണ്‌. ആശുപത്രിയിൽ കഴിഞ്ഞദിവസം പ്രവർത്തനം ആരംഭിച്ച കോവിഡ്‌ 19 പരിശോധനാ കേന്ദ്രത്തിൽ കൂടുതൽ ജീവനക്കാരുടെ സാമ്പിൾ പരിശോധിക്കും. ആലപ്പുഴ എൻഐവിയിലെ വിദഗ്‌ധ സംഘത്തിന്റെ മേൽനോട്ടത്തിലാണ്‌ പരിശോധന. 
ജീവനക്കാരിൽ മിക്കവരുടെയും നിരീക്ഷണ കാലഘട്ടം അവസാനിക്കാറായ സാഹചര്യത്തിൽ കൂടുതൽ ഫലം നെഗറ്റീവാകുമെന്ന പ്രതീക്ഷയിലാണ്‌  അധികൃതർ. അതേസമയം, സംസ്ഥാനത്ത്‌ കോവിഡ്‌ 19 ബാധ കൂടുതൽ ഗുരുതര ഘട്ടത്തിലേക്ക്‌ കടന്നാൽ വിദഗ്‌ധചികിത്സ ലഭ്യമാക്കാനായി ആശുപത്രിയിൽ കോവിഡ്‌ വാർഡും ഐസിയുവും തയ്യാറാക്കിയിട്ടുണ്ട്‌.
 

പാറശാലയിൽ 15 പേരുടെ ഫലം നെഗറ്റീവ്‌

പാറശാല
കൊവിഡ്–- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അതിർത്തിമേഖലയിൽ ആരോഗ്യപ്രവർത്തകരുടെയും പൊലീസിന്റെയും നേതൃത്വത്തിലുള്ള പരിശോധനയും ബോധവൽക്കരണവും ശക്തമായി തുടരുന്നു. പാറശാല മണ്ഡലത്തിലുടനീളം 808 പേർ നിരീക്ഷണത്തിലുണ്ട്. അമ്പൂരി പഞ്ചായത്ത് - 18, പാറശാല - 86, വെള്ളറട - 49, ആര്യൻകോട്- 99, ഒറ്റശേഖരമംഗലം -121, കള്ളിക്കാട്- 111, പെരുങ്കടവിള - 117, കൊല്ലായിൽ - 86, കുന്നത്തുകാൽ പഞ്ചായത്ത് - 121 എന്നിങ്ങനെയാണ് കണക്ക്. ഇതിൽ 17 പേർ രോഗലക്ഷണങ്ങളെത്തുടർന്ന് പരിശോധനയ്‌ക്ക്‌ വിധേയമായിരുന്നു. ഇവരിൽ 15 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. മറ്റ് രണ്ടുപേർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ്.
 
അതിർത്തിഭാഗങ്ങൾവഴി അവശ്യ സർവീസുകൾക്കായി നിരത്തിലിറങ്ങിയ 170 വാഹനയാത്രക്കാരെ ബുധനാഴ്ച പരിശോധനയ്‌ക്ക് വിധേയമാക്കിയെങ്കിലും രോഗലക്ഷണമുള്ളർ ഇല്ലായിരുന്നു.
പ്രധാന വാർത്തകൾ
 Top