കോവളം
പൂവാർ സ്വദേശിനിയെ അപമാനിക്കുന്ന തരത്തിൽ വ്യാജ ശബ്ദ സന്ദേശം നിർമിച്ച് പ്രചരിപ്പിക്കാൻ സഹായിച്ച യുവതി അറസ്‌റ്റിൽ. പൂവാർ തെക്കേത്തെരുവ് ലബ്ബാ ഹൗസിൽ ഫാത്തിമ (27) യാണ് അറസ്റ്റിലായത്. ഫാത്തിമയുടെ ഫോൺവിളി വീട്ടമ്മയുടേതെന്ന രീതിയിൽ വരുത്തി തീർക്കുകയായിരുന്നു. ഫോണിലെ കാൾ ഹിസ്റ്ററിയിൽ വീട്ടമ്മയുടെ പേരും നമ്പറും എഡിറ്റ് ചെയ്ത് ചേർത്ത് പ്രചരിപ്പിച്ച കേസിലെ ഒന്നാം പ്രതിയും പൂവാർ ജമാത്തിലെ മദ്രസ മുൻ അധ്യാപകനുമായ മുഹമ്മദ് ഷാഫി(27)യെ നേരത്തേ അറസ്റ്റിലായിരുന്നു.
വിദ്യാർഥി മദ്രസക്ലാസിൽ വരാത്തതിനെ കുറിച്ച് അന്വേഷിക്കാനായി ഉമ്മയെ ഫോണിൽ വിളിക്കുകയും പിന്നീട് നിരന്തരം മെസേജ് അയച്ച് ശല്യപ്പെടുത്തുകയുമായിരുന്നു. ഇതിനെതിരെ വീട്ടമ്മ ജമാഅത്തിൽ പരാതിപ്പെട്ടതിനെ തുടർന്ന് അധ്യാപകനെ പിരിച്ചുവിട്ടു.
തുടർന്നായിരുന്നു പരാതിക്കാരിയുടെ പേരും നമ്പരും ശബ്ദ സന്ദേശവും സ്ക്രീൻ ഷോട്ടുകളും എഡിറ്റ് ചെയ്ത് ജമാഅത്തിന് അയച്ച് കൊടുത്തത്. ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് ജമാഅത്തിലെ വിശ്വാസികൾ രണ്ട് ചേരിയിലാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ എസ്എച്ച്ഒ എസ് ബി പ്രവീണിന്റെ നേതൃത്വത്തിൽ എ സ് ഐ തിങ്കൾ ഗോപകുമാർ, ഷാജികുമാർ, പ്രഭാകരൻ, മിനി, രാജി എന്നിവരാണ് പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..