26 February Wednesday

കളിയിക്കാവിള മുതൽ കടമ്പാട്ടുകോണംവരെ

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020

മനുഷ്യ മഹാശൃംഖലയ്ക്ക് പിന്തുണയുമായി കേരള സ്റ്റേറ്റ് പ്രീപ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ചപ്പോൾ

തിരുവനന്തപുരം  
കളിയാക്കാവിളമുതൽ കാസർകോട്‌വരെ ഞായറാഴ്‌ച തീർക്കുന്ന മനുഷ്യ മഹാ ശൃംഖലയിൽ ജില്ലയിലെ ജനങ്ങൾ 79 കിലോമീറ്റർ കണ്ണിതീർക്കും. കുടുംബസമേതം പകൽ മൂന്നിന്‌ ദേശീയപാതയിലെ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ എത്തണം. കളിയിക്കാവിളമുതൽ കടമ്പാട്ടുകോണംവരെയാണ്‌ ജില്ലയിൽ ശൃംഖല.കളിയിക്കാവിളയിൽ എം എ ബേബിയാണ്‌ ആദ്യകണ്ണി. പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കാനം രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. പാറശാല ഇഞ്ചിവിള എ കെ ജി നഗറിൽ എം എ ബേബിയും കെ പ്രകാശ് ബാബുവും സംസാരിക്കും. ആറ്റിങ്ങലിൽ എം വി ഗോവിന്ദനും നെയ്യാറ്റിൻകരയിൽ ഡോ. തോമസ് ഐസക്കും  കിള്ളിപ്പാലത്ത് എൽഡിഎഫ് കൺവീനർ എ വിജയരാഘവനും കേശവദാസപുരത്ത് കെ ജെ തോമസും ശ്രീകാര്യത്ത് സി കെ നാണു എംഎൽഎയും കഴക്കൂട്ടത്ത് ആർ ബാലകൃഷ്ണപിള്ളയും മംഗലപുരത്ത് ഡെപ്യൂട്ടി സ്പീക്കർ വി ശശിയും പ്രതിജ്ഞയിൽ പങ്കെടുത്ത്‌ സംസാരിക്കും.  ജില്ലയിൽ നടക്കുന്ന പൊതുയോഗങ്ങളിൽ ജില്ലയിലെ എംഎൽഎമാരും എൽഡിഎഫ് നേതാക്കളും പങ്കെടുക്കും.
 
പിഡിപി എൽഡിഎഫ് പ്രഖ്യാപിച്ച മനുഷ്യ മഹാശൃംഖലയിൽ ജില്ലയിലെ എല്ലാ പിഡിപി പ്രവർത്തകരും കുടുംബാംഗങ്ങളും കണ്ണികളാകും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയർന്നുവരുന്ന മുഴുവൻ ജനാധിപത്യ പോരാട്ടങ്ങളോടും പിഡിപി ഐക്യദാർഢ്യം അറിയിക്കുന്നതായി ജില്ലാ കമ്മിറ്റി അറിയിച്ചു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതെ മറ്റ് വഴികളില്ല എന്ന ഗവർണറുടെ നിലപാട് കേന്ദ്രസർക്കാരിന്റെ കളിപ്പാവയാണ് താനെന്ന് തെളിയിക്കുന്നതാണെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
പ്രീ പ്രൈമറി ടീച്ചേഴ്സ്‌ മനുഷ്യ മഹാശൃംഖലയ്ക്ക് പിന്തുണയുമായി കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റിയും. ഇതുമായി ബന്ധപ്പെട്ട പ്രചാരണയോ​ഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ്‌ അം​ഗം പ്രസന്ന, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീലത, സംസ്ഥാനകമ്മിറ്റിയം​ഗം അംബി, സുജാകുമാരി, അജിത തുടങ്ങിയവർ സംസാരിച്ചു. സരിത അധ്യക്ഷയായി. തുടർന്ന് അധ്യാപികമാരുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പരിപാടിക്ക് പിന്തുണ അറിയിച്ചു. 
 
ആഗോള ഐക്യസഭ സമത്വവും സ്വാതന്ത്ര്യവും ബലികഴിക്കാൻ മനസ്സില്ലാത്ത സർവരും മനുഷ്യ മഹാശൃംഖലയിൽ ഭാഗഭാക്കാകണമെന്ന്‌ ആഗോള ഐക്യസഭയുടെ ശിൽപ്പിയും യുസിഐ മെത്രാപോലീത്തയുമായ ഡോ. പനതപുരം മാത്യു സാം അഭ്യർഥിച്ചു.
ദലിത്‌ ഡെവലപ്‌മെന്റ്‌ ഫെഡറേഷൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ്‌ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയിൽ അണിചേരുമെന്ന്‌ ദലിത്‌ ഡെവലപ്‌മെന്റ്‌ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. ശൃംഖലയിൽ ഡിഡിഎഫ്‌ നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.
പ്രധാന വാർത്തകൾ
 Top