27 February Thursday
സങ്കടക്കടലായി കാഞ്ഞിരംവിള

അതേ മണ്ണിൽ സംഗീത്‌ എരിഞ്ഞുചേർന്നു

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020

മണ്ണുമാഫിയ ജെസിബി കൊണ്ട്‌ അടിച്ചുകൊലപ്പെടുത്തിയ സംഗീതിന്റെ മൃതദേഹത്തിൽവീണ്‌ പൊട്ടിക്കരയുന്ന ഭാര്യ സംഗീത

കാട്ടാക്കട
ഏത്‌ മണ്ണിനുവേണ്ടിയാണോ സംഗീത്‌ അന്ത്യശ്വാസംവരെ പോരാടിനിന്നത്‌, ആ മണ്ണിൽ അയാളുടെചിത എരിഞ്ഞടങ്ങി. കാഞ്ഞിരംവിളയിലെ സംഗീതാ ഭവനിലെത്തിയ ജനക്കൂട്ടത്തിന്‌ നടുവിലൂടെ ആറു വയസ്സുകാരൻ ശ്രീഹരിയും മൂന്നര വയസ്സുകാരി സങ്കീർത്തനയും അച്ഛന്റെ മൃതദേഹം അവസാനമായി ഒരുനോക്കുകണ്ടു. 
 
വീട്ടുമുറ്റത്തെ പറമ്പിൽ ജെസിബി ആദ്യം എത്തിയപ്പോൾ കുട്ടികൾക്കത്‌ കൗതുകമായിരുന്നു. അവരുടെ സ്വപ്‌നത്തിന്റെ വേരറുക്കാൻ പാഞ്ഞെത്തിയ കിരാതരൂപമായിരുന്നെന്ന്‌ ഇപ്പോഴും ഈ കുരുന്നുകൾ തിരിച്ചറിഞ്ഞിട്ടില്ല. ചേതനയറ്റ ഭർത്താവിന്റെ ശരീരത്തിലേക്കു വീണ്‌ സംഗീത പൊട്ടിക്കരയുമ്പോഴും അച്ഛൻ ഉറങ്ങിക്കിടക്കുകയാണെന്നാണ്‌ സങ്കീർത്തന കരുതിയത്‌. ഒന്നുമറിയാതെ അവൾ പരിചയക്കാരെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ആ നിഷ്‌കളങ്കതയ്‌ക്ക്‌ മുന്നിൽ കുടുംബത്തെ ആശ്വസിപ്പിക്കാൻ പോലുമാകാതെ ഉറ്റവരും അയൽക്കാരുംസങ്കടക്കടലിൽ അലിഞ്ഞു. മണ്ണുമാഫിയ ജെസിബി കൊണ്ട്‌ അടിച്ചുകൊലപ്പെടുത്തിയ സംഗീതിന്റെ  മൃതദേഹം ശനിയാഴ്‌ച രാവിലെ വീട്ടിൽ എത്തിക്കുംമുമ്പേ വൻ ജനാവലി തടിച്ചുകൂടിയിരുന്നു. പൊതുദർശനത്തിനു വച്ചശേഷം ഉച്ചയോടെ സംസ്‌കരിച്ചു. ഭാര്യക്കും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങൾക്കും ഒപ്പം ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങുംമുമ്പാണ്‌ സംഗീതിന്റെ വേർപാട്‌. 
 
ചടങ്ങ്‌ നടക്കുമ്പോൾ അമ്മ പ്രഭയും സഹോദരി അർച്ചനയും ഇവരുടെ മക്കളും സംഗീതിന്റെ മരണം താങ്ങാനാകാതെ നെഞ്ചുനീറി കരയുകയായിരുന്നു. ഒരാശ്വാസവാക്കും അവരുടെ ദുഃഖം അകറ്റാൻ പോന്നതായില്ല. ശ്രീഹരിയും സങ്കീർത്തനയും അച്ഛന്‌ അന്ത്യചുംബനം നൽകിയപ്പോൾ കണ്ടു നിന്നവരെല്ലാം വിതുമ്പി. ഒടുവിൽ ആറടിമണ്ണിൽ അയാൾ എരിഞ്ഞടങ്ങിയപ്പോൾ കൂടിനിന്നവർ പറയുന്നുണ്ടായിരുന്നു ഈ ചാരംകൂടി ആ കഴുകന്മാർ കൊണ്ടുപോകട്ടെയെന്ന്‌. ഐ ബി സതീഷ് എംഎൽഎ ഉൾപ്പെടെ  നിരവധി പ്രമുഖർ സംഗീതിന്‌ അന്തിമോപചാരം അർപ്പിക്കാനെത്തി.
പ്രധാന വാർത്തകൾ
 Top