24 October Sunday

കനവ്‌ കണ്ട പെൺകുട്ടി; 
കൂട്ടിരുന്ന അച്ഛൻ

അജില പുഴയ്ക്കൽUpdated: Saturday Sep 25, 2021

സിവിൽ സർവീസ് പരീക്ഷയിൽ 481–-ാം റാങ്ക്‌ നേടിയ 
എസ്‌ അശ്വതി കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷം പങ്കിടുന്നു

തിരുവനന്തപുരം
15 വർഷമായി ഒരേ കനവ്‌ കണ്ട പെൺകുട്ടി. അതിന്‌ കൂട്ടിരുന്ന നിർമാണത്തൊഴിലാളിയായ അച്ഛൻ. കരിക്കകം സരോവരം വീട്ടിൽ  എസ്‌ അശ്വതിയുടെയും അച്ഛൻ പി പ്രേമകുമാറിന്റെയും ആഗ്രഹസാഫല്യമാണ്‌ ഇത്തവണത്തെ സിവിൽ സർവീസ്‌ പരീക്ഷാഫലം. അശ്വതിക്ക്‌ 481–-ാമത്‌ റാങ്കാണ്‌ ലഭിച്ചത്‌. നാലുതവണ പരീക്ഷയെഴുതിയെങ്കിലും ആദ്യമായി പ്രിലിംസ്‌ വിജയിച്ചത്‌ ഈ വർഷമാണ്‌. 
യുപി ക്ലാസിൽ പഠിക്കുമ്പോൾ ഹിന്ദി അധ്യാപിക ഷീല ഒരു ഡയറി നൽകിയതിൽനിന്നാണ്‌ തുടക്കം. തന്മാത്ര സിനിമയിലേതുപോലെ സമകാലീന സംഭവങ്ങൾ എഴുതിവയ്ക്കാനായി നൽകിയ ആ ഡയറിയാണ്‌ അശ്വതിയിൽ സിവിൽ സർവീസ്‌ മോഹത്തിന്റെ വിത്തുപാകിയത്‌. 
     എട്ടാം ക്ലാസുമുതൽ അതിനായി പഠനം ആരംഭിച്ചു. എല്ലാത്തിനും പിന്തുണയുമായി കുടുംബവും നിന്നു. ബാർട്ടൺ ഹിൽ എൻജിനിയറിങ്‌ കോളേജിൽ പഠനം പൂർത്തിയാക്കി സ്വകാര്യ കമ്പനിയിൽ ജോലി  ചെയ്‌തു. എന്നാൽ, രണ്ടു വർഷംമുമ്പ്‌ രാജിവച്ച്‌ പൂർണമായും സിവിൽ സർവീസ്‌ പഠനത്തിലേക്ക്‌ തിരിഞ്ഞു. കോവിഡ്‌ കാലത്ത്‌ സാമ്പത്തികമുൾപ്പെടെ പ്രതിസന്ധി  ഏറെയായിരുന്നു. ഓരോ പ്രതിസന്ധിയിലും പൗലോ കൊയ്‌ലോയുടെ നേരം വെളുക്കുന്നതിനു മുമ്പുള്ള ഇരുട്ടിന്‌ കനം കൂടുതലാണെന്ന വാക്യമാണ്‌ മുന്നോട്ടുനയിച്ചതെന്ന്‌ അശ്വതി പറഞ്ഞു. ഐഎഎസ്‌ ലഭിക്കാനുള്ള സാധ്യത കുറവായതിനാൽ വീണ്ടും പരീക്ഷയെഴുതാനാണ്‌ അശ്വതിയുടെ തീരുമാനം. മകൾ ഐഎഎസുകാരിയായാലും നിർമാണത്തൊഴിൽ തുടരുമെന്നാണ്‌ പ്രേമകുമാർ പറയുന്നത്‌.  
  കരിക്കകം ഗവ. ഹൈസ്‌കൂളിൽ മലയാളം മീഡിയത്തിലായിരുന്നു അശ്വതി പഠിച്ചത്‌. പിന്നീട്‌  കോട്ടൺഹിൽ സ്‌കൂളിലും  ബാർട്ടൺഹിൽ എൻജിനിയറിങ്‌ കോളേജിലും പഠിച്ചു. സംസ്ഥാന സിവിൽ സർവീസ്‌ അക്കാദമിയിലും വിവിധ സ്വകാര്യ അക്കാദമികളിലുമായാണ്‌ സിവിൽ സർവീസ്‌ പരിശീലനം പൂർത്തിയാക്കിയത്‌. പി ശ്രീലതയാണ്‌ അമ്മ. സഹോദരൻ പി അരുൺ ടെക്‌നോപാർക്ക്‌ ജീവനക്കാരനാണ്‌.
 
അച്ഛന്റെ ഓർമകൾക്ക്‌ 
മിന്നുവിന്റെ സല്യൂട്ട്‌
അച്ഛന്റെ ഓർമകൾക്കായി സിവിൽ സർവീസ്‌ റാങ്ക്‌ നേടി മകൾ. കാര്യവട്ടം തുണ്ടത്തിൽ ജെഡിഎസ് വില്ലയിൽ പി എം മിന്നുവാണ്‌ അച്ഛൻ പോൾ രാജിന്റെ ഓർമകൾക്ക്‌ മുന്നിൽ സമർപ്പിക്കാൻ സിവിൽ സർവീസ്‌ പരീക്ഷയിൽ റാങ്ക്‌ നേടിയത്‌. വഴുതക്കാട് പൊലീസ് ആസ്ഥാനത്തെ ക്ലർക്കായ മിന്നുവിന്‌ 150–-ാം റാങ്കാണ്‌. സർവീസിലിരിക്കെയാണ്‌ പൊലീസുകാരനായ പോൾരാജ്‌ മരിക്കുന്നത്‌. 
തുടർന്ന്‌ ആശ്രിത നിയമനത്തിൽ വകുപ്പിൽ ജോലി കിട്ടിയെങ്കിലും മിനിസ്റ്റീരിയൽ ജീവനക്കാരിയായതിനാൽ യൂണിഫോം ധരിക്കേണ്ടി വന്നിരുന്നില്ല. അച്ഛൻ ധരിച്ചിരുന്ന യൂണിഫോം ധരിക്കാനായിരുന്നു മിന്നുവിന്റെ ആഗ്രഹം. ആ ആഗ്രഹം സാക്ഷാൽക്കരിക്കാനുളള നിരന്തര പരിശ്രമമാണ് ഇത്തവണത്തെ 150–--ാം റാങ്ക്. 
ആറാമത്തെ പരിശ്രമമാണ് ഇക്കുറി വിജയം കണ്ടത്. റാങ്ക് 150 ആയതിനാൽ ഐപിഎസ് പട്ടികയിൽപ്പെടുമെന്ന പ്രതീക്ഷയിലാണ് ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദധാരിയായ മിന്നു. ഭർത്താവ് ജോഷി ഐഎസ്ആർഒയിൽ ഉദ്യോഗസ്ഥനാണ്. മകൻ: ജർമ്മിയ ജോൺ ജോഷി. മിനി പ്രഭയാണ് അമ്മ.
 
സർക്കാർ സ്കൂളിൽ പഠിച്ച് രേഷ്മ സിവിൽ 
സർവീസുകാരിയായി
സിവിൽ സർവീസ് പരീക്ഷയിൽ വീണ്ടും റാങ്ക് തിളക്കവുമായി നെയ്യാറ്റിൻകര. ആശുപത്രി ജങ്ഷൻ അറക്കുന്ന് കടവ് റോഡിൽ മിന്നാരത്തിൽ എ എൽ രേഷ്മയാണ് നെയ്യാറ്റിൻകരയിലേക്ക് വീണ്ടും ഐഎഎസ് കൊണ്ടുവന്നത്. 256–ാം റാങ്ക് നേടിയാണ് രേഷ്മ വിജയിച്ചത്. 2012ൽ ഹരിത വി കുമാർ ഒന്നാംറാങ്ക് നേടി നെയ്യാറ്റിൻകരയുടെ അഭിമാനമുയർത്തിയിരുന്നു. 
പൊതുവിദ്യാലയത്തിൽ പഠിച്ചാണ് രേഷ്മ ഈ നേട്ടം കെെവരിച്ചത്. ആറാംക്ലാസുമുതൽ പ്ലസ്ടുവരെ നെയ്യാറ്റിൻകര ​ഗവ. ബോയ്സ് എച്ച്എസിൽ (ഇംഗ്ലീഷ് മീഡിയം) പഠിച്ച രേഷ്മ, ഹൈദരാ
ബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടി.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രസം​ഗത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. നാലുവർഷമായി സിവിൽ സർവീസിനുവേണ്ടി പരിശ്രമിക്കുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയംഗമായിരുന്ന കരുണേശദാസിന്റെ ചെറുമകളാണ്. റിട്ട. പ്രൊഫസർ ഡോ. ലിഡ്സൺ രാജിന്റെയും നെയ്യാറ്റിൻകര കെഎസ്ഇബി സീനിയർ സൂപ്രണ്ട് ഡി അജിതയുടെയും മകളാണ്. അനുജൻ രജത് എംബിബിഎസ് വിദ്യാർഥിയാണ്. കെ ആൻസലൻ എംഎൽഎ രേഷ്മയുടെ വീട്ടിലെത്തി അനുമോദിച്ചു.
 
സിവിൽ സർവീസ്‌; ജില്ലയ്ക്കും നേട്ടം
സിവിൽ സർവീസ്‌ പരീക്ഷാഫലത്തിൽ തിളങ്ങി തലസ്ഥാനവും. ജില്ലയിൽ നിന്നുള്ള പതിനാറോളം പേർക്കാണ്‌ റാങ്ക്‌ ലഭിച്ചത്‌. എം ബി അപർണ (കണിയാപുരം), എസ്‌ മാലിനി (പട്ടം), ധീന ദസ്‌തഗീർ (നന്ദർകോട്‌), ആനന്ദ്‌ ചന്ദ്രശേഖർ (തോന്നയ്ക്കൽ), പി എം മിന്നു (കാര്യവട്ടം), അഞ്ചു വിത്സൺ (പട്ടം), എ എൽ രേഷ്‌മ (നെയ്യാറ്റിൻകര), എസ്‌ ഗോകുൽ (തിരുമല), ഒ വി ആൽഫ്രഡ്‌ (പേരൂർക്കട), മെർലിൻ സി ദാസ്‌ (ശ്രീകാര്യം), വി എം ജയകൃഷ്‌ണൻ (പേരൂർക്കട), സാന്ദ്രാ സതീഷ്‌ (മണക്കാട്‌), സബീൽ പൂവകുണ്ടിൽ (കുറവൻകോണം), എസ്‌ അശ്വതി (കരിയ്ക്കകം), പ്രെറ്റി എസ്‌ പ്രകാശ്‌ (പാപ്പനംകോട്‌), വി അനഘ (തിരുമല) തുടങ്ങിയവർക്കാണ്‌ റാങ്ക്‌ ലഭിച്ചത്‌.62 നും 528 നും ഇടയിലാണ് ഇവരുടെ റാങ്ക്. മലയാളം ഐച്ഛിക വിഷയമായെടുത്ത മൂന്ന് പേരുമുണ്ട്.  രണ്ട്‌ എംബിബിഎസ് ബിരുദമുള്ളവരും രണ്ട്‌ എൻജിനീയറിങ് ബിരുദമുള്ളവരുേം ഇതിൽ ഉൾപ്പെടും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top