20 September Friday

മഹാശിലായുഗശേഷിപ്പുകൾ തേടി ഗവേഷകർ

എസ്‌ ശ്രീലക്ഷ്‌മിUpdated: Sunday Aug 25, 2019

ഏനാദിമംഗലത്തുനിന്ന് കണ്ടെടുത്ത മൺകലം

 
തിരുവനന്തപുരം
മഹാശിലായുഗ സംസ്‌കാരത്തിലേക്ക്‌ വെളിച്ചം വീശി കേരള സർവകലാശാല. കേരള മെഗാലിത്തിക്‌ ഗസറ്റിയർ പ്രോജക്ടിലൂടെയാണ്‌  മഹാശിലായുഗ കാലത്തിന്റെ ശേഷിപ്പുകൾ തേടുന്നത്‌. പാലക്കാട്‌ ജില്ലയിലെ നന്നങ്ങാടിക്കുന്നിൽ നിന്ന്‌  ബിസി നാലാം നൂറ്റാണ്ടിലെ നന്നങ്ങാടികൾ, കാസർകോട്‌ ജില്ലയിലെ കുറ്റിക്കോലിൽ   ബിസി ആറാം നൂറ്റാണ്ടിലെ മൂന്ന്‌ വെട്ടുകൽ ഗുഹകളുടെ ശേഷിപ്പുകൾ,  പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലത്തുനിന്നും മൺപാത്രക്കഷണങ്ങൾ എന്നിവ ഇതിനകം കണ്ടെത്തി.  
 
കേരള സർവകലാശാലയുടെ പുരാവസ്‌തു വിഭാഗവും ജപ്പാനിലെ കാൻസായ് സർവകലാശാലയും ചേർന്നാണ്‌ പഠനം നടത്തുന്നത്‌. 
മഹാശിലായുഗ സംസ്‌കാരത്തെക്കുറിച്ചുള്ള കൃത്യമായ പഠന രേഖ തയാറാക്കുകയാണ്‌ ലക്ഷ്യം. 
ലഭിക്കുന്ന അവശേഷിപ്പുകളുടെ  കാലപ്പഴക്കം നിശ്ചയിക്കുകയാണ്‌ കാൻസായ്‌ സർവകലാശാലയുടെ മുഖ്യചുമതല. 
 
മഹാശിലായുഗത്തിന്റെ അവശേഷിപ്പുകൾ ഉണ്ടാകാനിടയുള്ള സ്ഥലങ്ങൾ കണ്ടെത്താൻ സർവേ നടത്തുകയും തുടർന്ന്‌ പരിശോധിക്കുകയുമാണ്‌ ചെയ്യുന്നത്‌. പുരാവസ്‌തു വിഭാഗത്തിലെ വിദ്യാർഥികളുടെ നേതൃത്വത്തിലാണിത്‌.
 
 തൃശൂർ, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലാണ്‌ ഇനിയുള്ള അന്വേഷണം.
കണ്ടെത്തിയ കാര്യങ്ങളത്രയും പഠനരേഖയായി  പ്രസിദ്ധീകരിക്കുമെന്ന്‌ പ്രോജക്ടിന്‌ നേതൃത്വം വഹിക്കുന്ന  കാര്യവട്ടം ക്യാമ്പസിലെ അസി. പ്രൊഫസർ ഡോ. അഭയൻ പറഞ്ഞു.  ഡോ. അഭയനൊപ്പം ഡോ. എസ്‌ വി രാജേഷ്‌, കാൻസായ്‌ യൂണിവേഴ്സിറ്റിയിലെ ഡോ. അക്കിനോരി യൂസുകി എന്നിവരാണ്‌ പഠനത്തിന്‌ നേതൃത്വം നൽകുന്നത്‌.
പ്രധാന വാർത്തകൾ
 Top