22 September Sunday

‘പോയതാ കൊച്ചിന്റെ ജീവൻ രക്ഷിച്ച്‌ ,അതിൽ അഭിമാനം’

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

യുവതിയെ രക്ഷപ്പെടുത്തുന്നതിനിടെ തിരയിൽപെട്ട്‌ മരിച്ച ലൈഫ്‌ ഗാർഡ്‌ ജോൺസണിന്റെ ഭാര്യ ശാലിനി, മക്കൾ ആരതി, അബി

തിരുവനന്തപുരം
‘ഞങ്ങളെ അനാഥരാക്കിയെങ്കിലും ഒരു ജീവൻ രക്ഷിച്ചാ എന്റെ ഭർത്താവ്‌ പോയത്‌. അതിൽ അഭിമാനമാ’ കരച്ചിലിനിടയിലും ശാലിനിയുടെ വാക്കുകൾ. ജീവിതം ഇനി എങ്ങനെ മുന്നോട്ട്‌ കൊണ്ടുപോകുമെന്ന്‌ അറിയാതെ തളരുമ്പോഴും മറ്റൊരാളുടെ ജീവൻ രക്ഷിച്ച്‌ ജീവിതത്തിൽനിന്ന്‌ മറഞ്ഞ ജോൺസണെ ഓർത്ത്‌ അഭിമാനം കൊള്ളുകയാണ്‌ അവരും മക്കളും. ശംഖുംമുഖത്ത്‌ തിരയിൽപ്പെട്ട പെൺകുട്ടിയെ രക്ഷിച്ച്‌ തിരികെ കരയിലേക്ക്‌ വരുന്നതിനിടെയാണ്‌ ലൈഫ്‌ ഗാർഡ്‌ ജോൺസൺ ഗബ്രിയേൽ കൂറ്റൻതിരമാലയിൽപ്പെട്ട്‌ മരിച്ചത്‌. 
‘ ഞങ്ങട അത്താണിയാ നഷ്ടമായത്‌, എന്നേയും മക്കളേയും കൈവിടരുത്‌’–- സർക്കാരിനോട്‌ ശാലിനിക്കുള്ള അഭ്യർഥന ഇതുമാത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും വാക്കുകളിലാണ്‌ കുടുംബത്തിന്റെ പ്രതീക്ഷ. രക്ഷാപ്രവർത്തനത്തിനും തെരച്ചിലിനും സർക്കാരിന്റെ ഭാഗത്ത്‌ നിന്നും വലിയ സഹായമാണ്‌ ലഭിച്ചതെന്ന്‌ ശാലിനി പറഞ്ഞു. ഇതുവരെ നല്ലരീതിയിൽ സർക്കാർ ഞങ്ങളോടൊപ്പമുണ്ടായി. ഇനിയും ഉണ്ടാകുമെന്ന്‌ കരുതുന്നതായും അവർ പറഞ്ഞു.
 
നാടിനും വീട്ടുകാർക്കും പ്രിയങ്കരനായ ലൈഫ്‌ഗാർഡ്‌ ജോൺസൺ ഗബ്രിയേലിന്റെ സംസ്‌കാരം വെള്ളിയാഴ്‌ചയായിരുന്നു. അച്ഛന്റെ സംസ്‌കാരചടങ്ങുകൾ കണ്ടുനിൽക്കുന്നതിനിടെ മകൾ ആതിര കുഴഞ്ഞുവീണു. ബോധരഹിതയായ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ എത്തിയ ശാലിനിയും ബോധംകെട്ടു. രാത്രി ബോധം തെളിഞ്ഞപ്പോഴെല്ലാം ഇരുവരും ജോൺസനെ അന്വേഷിച്ചു.  
 
ശനിയാഴ്‌ച പുലർച്ചെ എഴുന്നേറ്റപ്പോഴും കണ്ണ്‌ തുറന്നത്‌ ജോൺസന്റെ ചിത്രത്തിലേക്ക്‌. വീണ്ടും കരച്ചിൽ. ഒമ്പതാം ക്ലാസുകാരനായ മകൻ അഭി കുഞ്ഞുപെങ്ങളെയും അമ്മയെയും ആശ്വസിപ്പിക്കാൻ കഴിയാതെ കണ്ണീർ വാർക്കുകയാണ്‌ ആ കൊച്ചുവീട്ടിൽ.
 
 അതിദയനീയമാണ്‌ ജോൺസന്റെ കുടുംബത്തിന്റെ അവസ്ഥ. വീടിന്റെ നിർമാണം പൂർത്തിയായിട്ടില്ല.  ശാലിനി ഹൃദ്രോഗിയാണ്‌. മക്കളെ സ്‌കൂളിൽ വിടണം, കടങ്ങൾ വീട്ടണം, കുടുംബം പോറ്റണം... ഇവരുടെ ഉത്തരവാദിത്തവും കൂടുന്നു. ശനിയാഴ്‌ച പരിസരത്തെ സുമനസ്സുകളാണ്‌ വീട്ടിലേക്ക്‌ അരി ഉൾപ്പെടെയുള്ള  വസ്‌തുക്കൾ ഏൽപ്പിച്ചത്‌. 
ജോൺസണിന്റെ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
 
 തിരുവനന്തപുരം
ശംഖുംമുഖത്ത്‌ യുവതിയെ രക്ഷിക്കുന്നതിനിടെ മരിച്ച ലൈഫ്‌ ഗാർഡ്‌ ജോൺസൺ ഗബ്രിയേലിന്റെ കുടുംബത്തിനൊപ്പം സർക്കാരുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വന്തം ജീവൻ അവഗണിച്ചാണ്‌ മറ്റൊരാളെ രക്ഷിക്കാൻ ജോൺസൺ സാഹസികമായി ശ്രമിച്ചത്‌.
 കുടുംബത്തെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top