28 September Tuesday

മാധ്യമ ഓഫീസിന്‌ മുന്നിൽ പ്രതിയായ അഭിഭാഷകന്റെ പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Sunday Jul 25, 2021
 
തിരുവനന്തപുരം
ക്യാൻസർ രോഗിയെ അടിച്ചു വീഴ്‌ത്തിയെന്ന വാർത്ത സംപ്രേഷണം ചെയ്‌തതിന്റെ പേരിൽ മനോരമ ന്യൂസ്‌ ഓഫീസിന്‌ മുന്നിൽ അഭിഭാഷകന്റെ പ്രതിഷേധം. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ രഞ്ജിത്ത്‌ ആണ്‌ ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചോടെ തമ്പാനൂരിലെ മനോരമ ന്യൂസ്‌ ഓഫീസിൽ എത്തി പ്രതിഷേധിച്ചത്‌. തലയിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന, വഞ്ചിയൂർ കോടതിക്ക്‌ സമീപത്തെ കടയുടമ വിളവൂർക്കൽ കുണ്ടമൺഭാഗം മൂലതോപ്പ് ടി ആർ എ 53-ൽ ഷിബു(43)വിനെ അടിച്ചുവീഴ്‌ത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം ഇവർ വാർത്ത നൽകിയിരുന്നു. വഞ്ചിയൂർ മള്ളിയൂർ റോഡിൽ ജനുവരി 12-ന്‌ അഭിഭാഷകൻ ഷിബുവിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അഭിഭാഷകനെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ചാനൽ അധികാരികൾ പരാതി നൽകിയിട്ടില്ലെന്നും കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ചതിന്‌ അഭിഭാഷകനെതിരെ കേസ്‌ എടുത്തതായും തമ്പാനൂർ എസ്‌എച്ച്‌ ഒ എസ്‌ സനോജ്‌ അറിയിച്ചു. 
വഞ്ചിയൂർ മള്ളിയൂർ റോഡിൽ എസി റിപ്പയറിങ് കട നടത്തുന്ന ഷിബുവിന്റെ കാർ റോഡരികിൽ പാർക്ക്ചെയ്തത് ഇതുവഴി കാറിൽ വന്ന അഭിഭാഷകൻ ചോദ്യം ചെയ്യുകയും തുടർന്ന് അഭിഭാഷകൻ  പുറത്തിറങ്ങി ഷിബുവിനെ ഇടിച്ച്‌ നിലത്തിടുന്നതുമാണ്‌ ദൃശ്യങ്ങളിലുള്ളത്‌. എന്നാൽ ആ സംഭവത്തിൽ പൊലീസ്‌ കേസ്‌ എടുത്തിട്ടില്ലെന്ന മാധ്യമ വാർത്തകൾ ശരിയല്ലെന്ന്‌ വഞ്ചിയൂർ എസ്‌എച്ച്‌ഒ വി വി ഡിപിൻ അറിയിച്ചു. കേസ്‌ രജിസ്‌റ്റർ ചെയ്യുകയും കോടതിയിൽ സമർപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. കടയുടമയും അഭിഭാഷകനും തമ്മിലുള്ള പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇരുവരും തമ്മിൽ ഒത്തുതീർപ്പ്‌ ചർച്ച ബാർ അസോസിയേഷന്റെ സാന്നിധ്യത്തിൽ നേരത്തെ നടത്തിയിരുന്നതായും തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ്‌ എസ്‌ എസ്‌ ബാലു അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top