06 July Wednesday

മൂങ്ങാപ്പേഴും മലമാവും അല്ല, 
ഇത്‌ അബ്രഹാമിയാന

എ എസ്‌ ശരത്‌Updated: Wednesday May 25, 2022

പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ബുക്കനാനിയ അബ്രഹാമിയാനയുടെ പൂവ്‌

പാലോട് 
സ്ഥാപക ഡയറക്ടറുടെ ജന്മദിനത്തിന്‌ ആദരമായി പുതിയ ഇനം വൃക്ഷത്തിന്‌ അദ്ദേഹത്തിന്റെ പേരുനൽകി ബൊട്ടാണിക്കൽ ഗാർഡൻ. ജവാഹർലാൽ നെഹ്റു ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടറായ പ്രൊ ഫ. എ അബ്രഹാമിന്റെ 108–--ാം ജന്മവാർഷികത്തിന്റെ ഭാഗമായാണ്‌ ആദരമർപ്പിച്ചത്‌. പുതുതായി കണ്ടെത്തിയ വിത്തും പഴവും ഭക്ഷ്യയോഗ്യമായ വൃക്ഷത്തിന് ബുക്കനാനിയ അബ്രഹാമിയാന എന്നാണ്‌ പേരിട്ടത്‌. ‘അനക്കാർഡിയേസിയെ' സസ്യകുടുംബത്തിലെ കുളമാവ് വർഗത്തിൽപ്പെടുന്നതാണ്‌  സസ്യം. 
 
ഫിൻലൻഡിൽനിന്നുള്ള അന്താരാഷ്ട്ര ജേണലായ ‘അന്നൽസ് ബൊട്ടാണിസി ഫെന്നിസി’യുടെ പുതിയ ലക്കത്തിൽ ഇതുസംബന്ധിച്ച ലേഖനമുണ്ട്‌. ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷകരായ ഡോ. ഇ എസ് സന്തോഷ്‌കുമാർ, എസ് എം ഷെരീഫ് എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ. ‘ബുക്കനാനിയ' ജനുസിൽ ലോകത്താകെ 25 മുതൽ 30 വരെയുള്ള വർഗം മാത്രമേയുള്ളൂ. ഇതിൽ എട്ടെണ്ണം ഇന്ത്യയിലാണ്‌. 
 
ഇതിന്റെ മറ്റൊരു വകഭേദമാണ്‌ സമീപകാലത്ത്‌ പാലോട്ടുനിന്ന്‌ കണ്ടെത്തിയത്‌. പുതിയ സസ്യത്തിന് വനങ്ങളിൽ കാണപ്പെടുന്ന ‘മൂങ്ങാപ്പേഴി'നോ ടും തിരുവനന്തപുരം ജില്ലയിൽ  കാണുന്ന ‘മലമാവി' (ബുക്കനാനിയ ബാർബറി)നോടുമാണ് ഏറെ സാമ്യം. 
 
ഇലപൊഴിക്കുന്ന സ്വഭാവമുള്ള ഈ വൃക്ഷം, സമുദ്രനിരപ്പിൽനിന്ന് 100 മീറ്ററിന് താഴെയുള്ള ഇലപൊഴിക്കും കാടുകളിലും പുഴയോര വനങ്ങളിലുമാണ് കാണപ്പെടുന്നത്. പഴങ്ങളും വിത്തും ഭക്ഷ്യയോഗ്യമെന്നത്‌ കണ്ടെത്തലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. എണ്ണത്തിൽ വളരെ പിറകിലായ ഈ സസ്യത്തിന്റെ തുടർസംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top