26 June Wednesday
സംഘപരിവാർ ആശുപത്രിലെ ചികിത്സാപ്പിഴവ‌്

മാതാപിതാക്കൾ മുഖ്യമന്ത്രിക്ക‌് പരാതി നൽകി

സ്വന്തം ലേഖികUpdated: Saturday May 25, 2019
തിരുവനന്തപുരം
ആറ്റുകാൽ ആശുപത്രിയിൽ ചികിത്സാപ്പിഴവ് കാരണം  പത്തുവയസ്സുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി  സ്വീകരിക്കണമെന്നും  ആവശ്യപ്പെട്ടാണ‌് കുട്ടിയുടെ അമ്മ സബിതയും അച്ഛൻ ഷിബുകുമാറും പരാതി നൽകിയത‌്. ഇക്കഴിഞ്ഞ ഒമ്പതിനാണ‌് ഇവരുടെ മകൻ അനന്തുകൃഷ്ണൻ ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലം മരിച്ചത‌്.ഏഴിന‌് സൈക്കിളിൽനിന്ന‌് വീണ‌് പരിക്കേറ്റ കളിപ്പാൻകുളം സ്വദേശിയായ അനന്തുവിനെ മാതാപിതാക്കൾ ആറ്റുകാൽ ആശുപത്രിയിൽ എത്തിച്ചു. ഹാൻഡിൽ ബാർ വയറ്റിൽ തുളച്ചുകയറിയ മുറിവ‌് സ‌്റ്റിച്ചിട്ട ശേഷം വിദഗ‌്ധ പരിശോധന കൂടാതെ കുട്ടിയെ തിരികെ അയക്കുകയായിരുന്നു. 
 
അടുത്തദിവസം സർജനെ കാണണമെന്നും നിർദേശിച്ചു. കലശലായ വയറുവേദന അനുഭവപ്പെട്ട കുട്ടിയെ മാതാപിതാക്കൾ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. സർജന്റെ നിർദേശപ്രകാരം സ്വകാര്യ സ്ഥാപനത്തിൽ അൾട്രാ സൗണ്ട‌് സ്കാനിന‌് വിധേയനാക്കി. പരിശോധനാ ഫലത്തിൽ സംശയം തോന്നിയ സ്ഥാപനം കുട്ടിയെ സിടി സ്കാനിന‌് വിധേയനാക്കണം എന്ന‌് നിർദേശിച്ചു. ദേവി ആശുപത്രിയിലെ സർജൻ  സ്കാൻ ആവശ്യമില്ലെന്ന‌് അഭിപ്രായപ്പെട്ടതായി മാതാപിതാക്കൾ പറഞ്ഞു. വേദനാസംഹാരി നൽകി തിരികെ അയക്കുകയും ചെയ്തു. 
എട്ടിന‌് അവശനിലയിലായ കുട്ടിയുമായി മാതാപിതാക്കൾ വീണ്ടും ആശുപത്രിയിൽ എത്തിയെങ്കിലും ആശുപത്രി ജീവനക്കാർ കുട്ടിയെ അഡ‌്മിറ്റ‌് ചെയ്യാൻ കൂട്ടാക്കിയില്ല. തുടർന്ന‌് മറ്റൊര‌‌ു സ്വകാര്യ ആശുപത്രിയിലെത്തിയ കുട്ടിയെ സി ടി സ്കാനിനും അടിയന്തിര  ശസ്ത്രക്രിയക്കും വിധേയനാക്കി. കുട്ടിയുടെ നില ഗുരുതരമെന്ന‌് ആശുപത്രി അധികൃതർ മുന്നറിയിപ്പ‌് നൽകിയിരുന്നു. വൈകിട്ട‌് നാലോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച അനന്തു അടുത്ത ദിവസം മരിക്കുകയായിരുന്നു. പത്ത് വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട‌് പ്രദേശത്ത‌് പ്രതിഷേധം ശക്തമാണ‌്. സിപിഐ എം, ഡിവൈഎഫ‌്ഐ നേതാക്കൾക്കൊപ്പമാണ‌് മാതാപിതാക്കൾ വെള്ളിയഴ്ച മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും സന്ദർശിച്ചത‌്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന‌് ആരോഗ്യ മന്ത്രി ഉറപ്പുനൽകിയതായി ഇവർ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top