16 September Monday

മൂന്നുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: ബന്ധു പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019
കിളിമാനൂർ
മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയുടെ അടുത്ത ബന്ധുവായ സ്ത്രീയെ കിളിമാനൂർ പൊലീസ് പിടികൂടി. കുഞ്ഞിനെ ഇവരിൽനിന്ന് മോചിപ്പിച്ച് മാതാപിതാക്കൾക്ക് കൈമാറി. പോങ്ങനാട്, തെന്നൂർ ചരുവിള വീട്ടിൽ അംബികയെയാണ‌് സംഭവവുമായി ബന്ധപ്പെട്ട് കിളിമാനൂർ പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പോങ്ങനാട് തെന്നൂർകോളനിയിൽ തെന്നൂർചരുവിള വീട്ടിൽ അജിത്ത്, ചാന്ദ്നി ദമ്പതിമാരുടെ മൂന്നുമാസം പ്രായമുള്ള അഭിജിത്തിനെയാണ‌് തട്ടിക്കൊണ്ടുപോയത്. 
 
സംഭവത്തിൽ പ്രതിയായ അംബിക ചാന്ദ്നിയുടെ മാതാവിന്റെ അനുജത്തിയാണ്. കുട്ടിക്ക് സ്വർണം വാങ്ങിനൽകാമെന്ന് മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ച് അംബിക കുട്ടിയുമായി കടന്നുകളയുകയായിരുന്നു. സന്ധ്യയായിട്ടും ഇവർ തിരികെ വരാത്തതിനാൽ കുട്ടിയുടെ മാതാവ് അംബികയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്ന‌് ചാന്ദ്നി ഭർത്താവും ബന്ധുക്കളുമായെത്തി കിളിമാനൂർ പൊലീസിൽ പരാതി നൽകി. 
 
തുടർന്ന് ഫോണിന്റെ ടവർ ലൊക്കേഷൻ മനസ്സിലാക്കിയ പൊലീസ് ഇവർ ട്രയിനിലാണെന്ന് മനസ്സിലാക്കി കേരളത്തിലെ മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലും വിവരം കൈമാറി. രാത്രി വൈകി തൃശൂർ റെയിൽവേ സ്റ്റേഷനിൽ കുഞ്ഞുമായി വന്നിറങ്ങിയ അംബികയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കിളിമാനൂരിൽ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് അവിടെയെത്തി പ്രതിയും കുട്ടിയുമായി തിരികെ എത്തുകയായിരുന്നു. കുട്ടിയെ മാതാവിനെ ഏൽപ്പിച്ച പൊലീസ് സംഘം അംബികയെ വൈദ്യപരിശോധനയ്ക്ക‌് ഹാജരാക്കി. ചോദ്യം ചെയ്യലിൽ രണ്ടാം ഭർത്താവിൽനിന്ന് ഇവർക്ക് പിറന്ന കുട്ടിയാണെന്ന‌് വരുത്തി പണം വാങ്ങാനുള്ള ശ്രമമായിരുന്നുവെന്ന‌് പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ‌് ചെയ്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top