തിരുവനന്തപുരം
എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾ ചർച്ച ചെയ്തും ഭാവി വികസന പ്രവർത്തനങ്ങളിൽ ജനാഭിപ്രായം തേടിയും സിപിഐ എമ്മിന്റെ ഗൃഹസന്ദർശന പരിപാടിക്ക് തലസ്ഥാന ജില്ലയിൽ തുടക്കം. സംസ്ഥാന ചരിത്രത്തിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിന് സാക്ഷിയായ കഴിഞ്ഞ നാലരവർഷത്തെ അനുഭവങ്ങൾ പലരും നേതാക്കളോട് പങ്കിട്ടു. ഭാവി വികസനത്തിനുള്ള നിർദേശങ്ങളും അവർ മുന്നോട്ടുവച്ചു. കോവിഡ് മഹാമാരി കാലത്ത് തങ്ങൾ തൊട്ടറിഞ്ഞ സർക്കാരിന്റെ കരുതലാണ് നിരവധി പേർക്ക് പറയാനുണ്ടായത്. കോവിഡ് കാലത്തുണ്ടായ ബുദ്ധിമുട്ടുകളും ചിലർ ചൂണ്ടിക്കാട്ടി. റോഡുകളുടെ വികസനത്തിലുണ്ടായ മുന്നേറ്റത്തിലെ മതിപ്പും ജനങ്ങൾ പങ്കുവച്ചു. വർധിപ്പിച്ച പെൻഷൻ മാസാമാസം കൈയിലെത്തുന്നതിലുള്ള സന്തോഷമാണ് വയോധികർ പ്രകടിച്ചത്. തൊഴിലിനെക്കുറിച്ചായിരുന്നു അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് പറയാനുണ്ടായത്. തൊഴിൽ സൃഷ്ടിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകുന്ന പരിഗണനയും പുതിയ കർമ പദ്ധതികളും നേതാക്കൾ അവർക്കു മുന്നിൽ അവതരിപ്പിച്ചു. ജനക്ഷേമ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാരിന്റെ ഭരണത്തുടർച്ചയുണ്ടാകണമെന്ന ആഗ്രഹവും അവർ തുറന്നുപറഞ്ഞു.
31 വരെ തുടരുന്ന ഭവനസന്ദർശനത്തിലൂടെ ജില്ലയിലെ എല്ലാ വീടുകളിലും സന്ദേശമെത്തിക്കാനും ജനാഭിപ്രായം തേടാനുമാണ് പാർടി ജില്ലാകമ്മിറ്റി ലക്ഷ്യമിടുന്നത്. ജില്ലയിലെ സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളും വരും ദിവസങ്ങളിലും വിവിധ ഏരിയകളിലായി ഗൃഹസന്ദർശനം തുടരും. ഞായറാഴ്ച ജില്ലയിലെമ്പാടും ആയിരക്കണക്കിനു വീടുകൾ നേതാക്കൾ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നെയ്യാറ്റിൻകരയിലും സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വിജയകുമാർ വഞ്ചിയൂരിലും വി ശിവൻകുട്ടി ആറ്റുകാലും കോലിയക്കോട് കൃഷ്ണൻനായർ വെഞ്ഞാറമൂട്ടിലും ടി എൻ സീമ ശ്രീവരാഹം, പെരുന്താന്നി എന്നിവിടങ്ങളിലും വീടുകളിലെത്തി.
ജനപ്രതിനിധികളും സിപിഐ എം പ്രാദേശികനേതാക്കളും ഒപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..