28 November Saturday
500 കിലോ കഞ്ചാവ്‌ കടത്ത്‌

മുഖ്യപ്രതി രാജുഭയ്യയും കൂട്ടാളിയും അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020
തിരുവനന്തപുരം  
ആറ്റിങ്ങൽ കോരാണിയിൽ കണ്ടെയ്നർ ലോറിയില്‍ കടത്തിയ 500 കിലോ കഞ്ചാവ്‌ പിടികൂടിയ കേസിൽ പഞ്ചാബ്‌ സ്വദേശിയടക്കം രണ്ടുപേർ അറസ്‌റ്റിൽ. ലോറി ഉടമകൂടിയായ മൻദീപ് സിങ് (രാജു ഭയ്യ), കോഴിക്കോട്‌ വടകര സ്വദേശി ജിതിൻ രാജ് എന്നിവരാണ്‌ അറസ്‌റ്റിലായത്. രാജുവിനെ  എക്‌സൈസ്‌ നിർദേശപ്രകാരം മൈസൂർ പൊലീസാണ്‌ പിടികൂടിയത്. കേസിൽ ഏഴ്‌ പേർ പിടിയിലായി. കണ്ണൂർ സ്വദേശി ആപേഷ്‌ മാത്രമാണ്‌ ഇനി പിടിയിലാകാനുള്ളതെന്ന്‌ ഡെപ്യൂട്ടി എക്‌സൈസ്‌ കമീഷണർ ഏലിയാസ്‌ പറഞ്ഞു. 
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോറികളിലെ രഹസ്യ അറയിലൂടെ കഞ്ചാവ് കടത്തുന്ന പ്രധാനിയാണ് രാജു. 12 ലോറികളുമായി എംഎസ്‌വൈടി എന്ന ട്രാൻസ്‌പോർട്‌ കമ്പനി ഉടമയാണ്‌ ഇയാൾ. ഇയാളിൽനിന്നു കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കടത്തിയത്‌ ജിതിൻ രാജാണ്‌. ചിറയിൻകീഴ് സ്വദേശി ജയചന്ദ്രനുമായുള്ള ബന്ധമാണ് ജിതിന് സഹായമായത്. ഇരുതലമൂരി, വെള്ളിമൂങ്ങ, സിൽവർ മെർക്കുറി, ചന്ദനം തുടങ്ങിയവയുടെ കടത്തുമായി ജിതിൻ ജയചന്ദ്രനുമായി സഹകരിച്ചിരുന്നു. 
 
തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമീഷണർ ജി ഹരികൃഷപിള്ളയുടെ നേതൃത്വത്തിലാണ്‌ അന്വേഷണം. പ്രതികളെ  മൈസൂരിലും തിരുവനന്തപുരത്തും തെളിവെടുപ്പിനായി കൊണ്ടുപോയി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാർ, ടി ആർ മുകേഷ് കുമാർ, ജി കൃഷ്ണകുമാർ, പ്രതീപ് റാവു, ആർ ജി രാജേഷ്, എസ്‌ മധുസൂദനൻ നായർ, രാജേഷ്, ഷംനാദ്, ജിതേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. 
 

നഗരൂർ കേസിൽ അന്വേഷണം ശക്തം 

 
നഗരൂരിൽനിന്നും കോടികളുടെ വിലമതിക്കുന്ന കഞ്ചാവും  ഹാഷിഷ് ഓയിലും കടത്തിയ കേസിലെ പ്രതികളേയും എക്സൈസ് കസ്റ്റഡിയിൽ വാങ്ങി. പ്രധാന പ്രതിയായ ചാവക്കാട് സ്വദേശിയെ കുറിച്ചും തിരുവനന്തപുരം ആലംകോട് സ്വദേശിയെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top