12 November Tuesday
മെഡിക്കൽ കോളേജ്‌ ആശുപത്രി ഡോക്ടർമാരുടെ മിടുക്ക്‌

കൃഷ്‌ണകുമാറിനിത്‌ രണ്ടാം ജന്മം

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019
 
തിരുവനന്തപുരം
നിശബ്ദനായിവന്ന്‌ ജീവൻ അപകടത്തിലാക്കിയ ടൈഫോയ്ഡ് ബാക്ടീരിയയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പിടിച്ചുകെട്ടി. രോഗിക്കിത്‌ രണ്ടാംജന്മം. ശാസ്തമംഗലം സ്വദേശിയും ഏജീസ്‌ ഒാഫീസ്‌ ജീവനക്കാരനുമായ കൃഷ്ണകുമാറി(55)നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുതുജീവിതം നല്‍കിയത്‌. 
 
നഗരത്തിലെ ചില പ്രധാന സ്വകാര്യാശുപത്രികൾപോലും കൈയൊഴിഞ്ഞപ്പോഴാണ്‌ അദ്ദേഹം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിയത്‌. പത്താംദിവസം അദ്ദേഹം ആശുപത്രിവിട്ടു. തുടര്‍ച്ചയായ വയറിളക്കത്തെ തുടര്‍ന്ന്‌ ഒക്ടോബര്‍ 13ന് കൃഷ്ണകുമാര്‍ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. 
 
പാന്‍ക്രിയാസ് സംബന്ധമായ അസുഖമുള്ളതിനാല്‍ വല്ലപ്പോഴും വയറിളക്കമോ, മലബന്ധമോ ഉണ്ടാകാറുണ്ട്. വയറിളക്കമല്ലാതെ പനിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ ഡ്രിപ്പ് നല്‍കി. 
ഡ്രിപ്പ് നല്‍കുന്നതിനിടെ വിറയലുമുണ്ടായി. വൈകിട്ടോടെ വീട്ടില്‍ തിരിച്ചെത്തി. വയറിളക്കം കുറഞ്ഞില്ല.
 
14–--ാം തീയതി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി. പാന്‍ക്രിയാസ് രോഗമുള്ളതിനാല്‍ ഗ്യാസ്ട്രോവിഭാഗം പരിശോധനകള്‍ നടത്തി.  കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാകുകയും ചെയ്‌തു. 
 
ആന്തരികാവയവങ്ങളെയും തളര്‍ത്തിയതിനാല്‍ മെഡിസിന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഡോ. അരുണയുടെ നേതൃത്വത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടര്‍ന്നു. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ ഡോ. അനില്‍ സത്യദാസും സംഘവും രോഗം കണ്ടെത്താൻ വിശ്രമമില്ലാത്ത പരീക്ഷണത്തിലായിരുന്നു.
 
16ന് രാവിലെ ‘വില്ലനെ’ കണ്ടെത്തി. ടൈഫോയ്ഡിനു കാരണമായ  ബാക്ടീരിയയാണ് കൃഷ്ണകുമാറിന്റെ ജീവനുതന്നെ ഭീഷണിയായി മാറിയതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. രോഗകാരണം കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ക്കും ആശ്വാസമായി. കൃത്യമാർന്ന ചികിത്സ ആരംഭിച്ചു. ഒന്നരദിവസത്തിനുശേഷം വെന്റിലേറ്റര്‍ മാറ്റി. പതിയെ കൃഷ്ണകുമാര്‍ സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.  
 
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അർപ്പണബോധവും കാര്യക്ഷമതയും ജനങ്ങളറിയേണ്ടതാണെന്ന്‌  കൃഷ്‌ണകുമാർ പറഞ്ഞു. തന്നെ ചികിത്സിച്ച ഡോ. അരുണ, ഡോ. അനില്‍ സത്യദാസ് എന്നിവരടക്കമുള്ള  മറ്റ് ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം നന്ദി പറഞ്ഞാണ്‌ കൃഷ്ണകുമാര്‍ ബുധനാഴ്ച വൈകിട്ടോടെ  വീട്ടിലേക്ക് തിരിച്ചുപോയത്‌.
പ്രധാന വാർത്തകൾ
 Top