26 October Monday
ഇന്ന്‌ മുഖ്യമന്ത്രി ശിലയിടും

ആദ്യ മെഡിക്കല്‍ ഉപകരണനിര്‍മാണ പാര്‍ക്ക് ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
തിരുവനന്തപുരം 
തോന്നയ്‌ക്കലിൽ സംസ്ഥാനത്തെ ആദ്യ മെഡിക്കൽ ഡിവൈസസ് പാർക്കിന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ശിലയിടും. ഗവേഷണം, നവീന ഉപകരണങ്ങളുടെ നിർമാണം, പരീക്ഷണം, സാങ്കേതികവിദ്യകൾ, വിജ്ഞാന വിനിമയം തുടങ്ങി ചികിത്സാ ഉപകരണ വിപണിക്ക്‌ ആവശ്യമായ എല്ലാ സേവനവും ഇവിടെ ലഭിക്കും. സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് പദ്ധതി.
 
ലൈഫ് സയൻസ് പാർക്കിലെ ഒമ്പത്‌ ഏക്കറിൽ 230 കോടി ചെലവിലാണ് നിർമാണം. 150 കോടി സംസ്ഥാന വിഹിതവും 80 കോടി കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ ഏജൻസികളിൽനിന്നുമാണ്‌. 2.6 ലക്ഷം ചതുരശ്ര അടി കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമുണ്ടാകും. ഒന്നാം ഘട്ടത്തിനായി  62 കോടിയുടെ ടെൻഡർ പൂർത്തിയാക്കി. 
 
18 മാസത്തിനകം നിർമാണം പൂർത്തിയാക്കും. ചികിത്സാ ഉപകരണ പരിശോധനാ, മൂല്യനിർണയ കേന്ദ്രം, റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് റിസോഴ്സ് സെന്റർ, നോളജ് സെന്റർ, ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്റർ, കമ്പനികൾക്ക് പാട്ടത്തിന് നൽകുന്ന നിർമാണ യൂണിറ്റുകൾ എന്നിവയുണ്ടാകും.
 
ലൈഫ് സയൻസ് പാർക്കിൽ നിലവിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നു. മരുന്നുകളുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട പരീക്ഷണം നടത്താൻ 80,000 ചതുരശ്ര  അടിയിൽ ബയോടെക് ലാബിന്റെ  നിർമാണം അന്തിമഘട്ടത്തിലാണ്. അടുത്തവര്‍ഷം പ്രവർത്തനമാരംഭിക്കും. വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന മെഡ്‌സ്‌പാർക്ക്‌ ഉദ്ഘാടന ചടങ്ങിൽ മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top