19 September Sunday

ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാർ: മന്ത്രി പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

നെടുമങ്ങാട്
പൊതുമരാമത്തുമായി ബന്ധപ്പെട്ട ഏതൊന്നിലും ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കിഫ്ബി ധനസഹായത്തോടെ പുനർനിർമിക്കുന്ന പഴകുറ്റി- മംഗലപുരം റോഡിന്റെ ആദ്യഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
റോഡുകൾ ജനങ്ങൾക്കുള്ളതാണ്. അത്‌ സുഗമമായി അവർക്ക് ഉപയോഗിക്കാനാകുക എന്നത് സാമൂഹ്യ വളർച്ചയ്ക്ക് അനിവാര്യമാണ്. ജനങ്ങളുടെ നിർദേശങ്ങൾക്ക്‌ വിധേയമായാണ്‌ പൊതുമരാമത്തിന്റെ പ്രവർത്തനം. മുഖ്യമന്ത്രിയും സർക്കാരും സമ്പൂർണ പിന്തുണയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. പഴകുറ്റിമുതൽ മുക്കംപാലമൂടുവരെയുള്ള 7.02 കിലോമീറ്റർ റോഡിന്റെ നിർമാണമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.
പഴകുറ്റി എംടി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആർ അനിൽ അധ്യക്ഷനായി. അടൂർ പ്രകാശ് എംപി ടെലഫോൺ സന്ദേശം വഴി ആശംസകൾ അറിയിച്ചു. 
ഡി കെ മുരളി എംഎൽഎ, നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി എസ് ശ്രീജ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് വി അമ്പിളി, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ എസ് ഷൈലജ, ബീന ജയൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വൈശാഖ്, സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. ആർ ജയദേവൻ, പി എസ് ഷൗക്കത്ത്, കരിപ്പൂർ വിജയകുമാർ, കരിപ്പൂർ ഷാനവാസ്, ഉഴമലയ്ക്കൽ വേണുഗോപാൽ, ബ്ലോക്ക് മെമ്പർ കണ്ണൻ വേങ്കവിള, പഞ്ചായത്ത്‌ മെമ്പർമാർ,  ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top