23 September Thursday
വാരാന്ത്യ ലോക്‌ഡൗൺ

2 ദിവസം നഗരത്തിൽ കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021
 
തിരുവനന്തപുരം
ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്‌ഡൗൺ ആയതിനാൽ നഗരത്തിൽ കർശന നിയന്ത്രണം നടപ്പാക്കും. 
നഗരാതിർത്തി പ്രദേശങ്ങൾ  പൊലീസ് ബാരിക്കേഡ് വച്ച് അടച്ച് പരിശോധിക്കും.  രാവിലെ ആറ്‌ മുതൽ പരിശോധന ആരംഭിക്കും. നഗരത്തിനുളളിലേക്കും പുറത്തേക്കും വാഹനയാത്ര അനുവദിക്കില്ല.  നഗരത്തിലെ എല്ലാ സ്റ്റേഷൻ പരിധികളിലുമുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച്  70  ചെക്കിങ് പോയിന്റ്‌  ക്രമീകരിച്ചിട്ടുണ്ട്.  
അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദേശിച്ചിട്ടുള്ള മറ്റ് വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കൂ. പ്രഭാത,-സായാഹ്ന സവാരി അനുവദിക്കില്ല. അവശ്യസർവീസ് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർ ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിതസമയങ്ങളിൽ മാത്രം  യാത്രചെയ്യണം. ഔദ്യോഗിക തിരിച്ചറിയൽ കാർഡും മേലധികാരിയുടെ  സർട്ടിഫിക്കറ്റും കരുതണം. 
ട്രെയിൻ, വിമാനയാത്രക്കാർക്ക് ടിക്കറ്റും മറ്റു യാത്രാരേഖകളും കാണിച്ചാൽ യാത്ര അനുവദിക്കും. കൃത്യമായ രേഖകൾ കാണിച്ച് വാക്സിൻ എടുക്കാൻ പോകുന്നവർക്കും യാത്ര ചെയ്യാം. 
മെഡിക്കൽ സ്റ്റോറുകളും, പാൽ, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളും മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ. ഹോട്ടലുകളിൽ ഈ ദിവസങ്ങളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ചായക്കടകൾ, തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല.    
തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ള വ്യാപാരസ്ഥാപനങ്ങൾ സമയക്രമവും കോവിഡ് പ്രോട്ടോകോളും കർശനമായി പാലിക്കേണ്ടതാണ്. ഇത് പരിശോധിക്കുന്നതിനായി കൂടുതൽ പട്രോളിങ്‌ സംഘങ്ങളെ എല്ലാ സ്റ്റേഷൻ പരിധികളിലും നിയോഗിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top