25 July Sunday

അർച്ചനയുടെ മൃതദേഹവുമായി 
റോഡ്‌ ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

അര്‍ച്ചനയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ച നാട്ടുകാരുമായി തഹസില്‍ദാര്‍, എസിപി എന്നിവര്‍ സംസാരിക്കുന്നു

കോവളം
വിഴിഞ്ഞം പയറ്റുവിളയിലെ വാടകവീട്ടിൽ തീകൊളുത്തി മരിച്ച അർച്ചനയുടെ മൃതദേഹവുമായി റോഡ്‌ ഉപരോധിച്ചു. നാട്ടുകാരും ബന്ധുക്കളും രാഷ്ട്രീയ പ്രവർത്തകരുമാണ് വിഴിഞ്ഞത്ത്‌ റോ‍ഡ് ഉപരോധിച്ചത്. അർച്ചനയുടെ ഭർത്താവ്‌ സുരേഷിനെ കസ്‌റ്റഡിയിൽ എടുത്ത് രാത്രി തന്നെ വിട്ടയച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇത്‌. അന്വേഷണം കാര്യക്ഷമമല്ലെന്നും ബന്ധുക്കൾ ആരോപിച്ചു. 
വെങ്ങാനൂർ ജങ്‌ഷനിൽ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് റോഡിന് കുറുകെ ഇട്ടതോടെ ഗതാഗതം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു.  
ഫോർട്ട് എസി അനിൽദാസെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് തിരുവനന്തപുരം തഹസിൽദാർ എം എസ്‌ ഷാജുവെത്തി നടത്തിയ ചർച്ചയിൽ സുരേഷിനെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് ഉറപ്പ്‌ നൽകി. ഇതോടെയാണ്‌ ഉപരോധം പിൻവലിച്ചത്. 
അന്വേഷണത്തിൽ വീഴ്ചകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മാതാപിതാക്കളുടെ മൊഴി  വീണ്ടും രേഖപ്പെടുത്തുമെന്നും സുരേഷിനെ വിശദമായി ചോദ്യം ചെയ്യുമെന്നും തഹസിൽദാർ    ഉറപ്പ് നൽകി. 
ബുധനാഴ്‌ച സുരേഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇയാൾ കസ്‌റ്റഡിയിൽ തുടരുകയാണ്‌. സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ, സിപിഐ മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, മറ്റ് രാഷ്ട്രീയ പാർടി നേതാക്കളും ജനപ്രതിനിധികളും ഉപരോധത്തിൽ പങ്കെടുത്തു. വിൻസെന്റ്‌ എംഎൽഎയും സ്ഥലത്തെത്തി.
ക്രൈംബ്രാഞ്ച്‌ 
അന്വേഷിക്കും
അർച്ചനയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറി. ക്രൈംബ്രാഞ്ച്‌ എസിപി ജോൺസൺ ചാൾസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ലോക്കൽ പൊലീസ്‌ അന്വേഷണം തൃപ്‌തികരമല്ലെന്ന്‌ ആരോപിച്ച്‌ നാട്ടുകാരും ബന്ധുക്കളും മൃതദേഹവുമായി റോഡ്‌ ഉപരോധിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top