31 March Tuesday
ആധാർ ചോദിച്ച്‌ മർദനം

അതിഥിത്തൊഴിലാളിയെ മർദിച്ച ആർഎസ്‌എസുകാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Monday Feb 24, 2020

കോവളം 

അതിഥിത്തൊഴിലാളിയോട്‌ അപമര്യാദയായി പെരുമാറുകയും ആധാർകാർഡ്‌ കാണിക്കെടാ എന്നാക്രോശിച്ച്‌ മർദിക്കുകയുംചെയ്‌ത ആർഎസ്എസുകാരനായ ഓട്ടോഡ്രൈവർ അറസ്‌റ്റിൽ. വെങ്ങാനൂർ തൈവിളാകത്ത് ശിവശൈലംവീട്ടിൽ സുരേഷിനെ(47)യാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓട്ടോയും വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിഴിഞ്ഞം മുക്കോല കിടാരക്കുഴിയിൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി ഗൗതം മണ്ഡലിനെയാണ് സുരേഷ്‌ മർദിച്ചത്. 

ശനിയാഴ്ച വൈകിട്ടോടെ വിഴിഞ്ഞം മുക്കോല ജങ്ഷനിലായിരുന്നു സംഭവം. ജോലികഴിഞ്ഞ് കിടാരക്കുഴിയിലുള്ള ക്യാമ്പിലേക്ക് പോകാനെത്തിയതായിരുന്നു ഗൗതം. ഈ സമയത്ത് സുരേഷ് ഓട്ടോ പിന്നിലേക്ക് എടുത്തപ്പോൾ ഗൗതമിന്റെ ദേഹത്തുതട്ടി. ഇത് ചോദ്യംചെയ്തതിൽ പ്രകോപിതനായാണ്‌ ഗൗതമിനെ മർദിച്ചത്‌. ആളുകൾ കൂടിയെങ്കിലും ആരും ഇടപെട്ടില്ല. 

ഓട്ടോ മാറ്റിയിട്ടശേഷം മടങ്ങിയെത്തിയ സുരേഷ് ഗൗതമിനെ ഭീഷണിപ്പെടുത്തി ആധാർകാർഡ്‌ കാണിക്കാനാവശ്യപ്പെടുകയായിരുന്നു.  കാർഡ് കൊടുക്കാൻ ആദ്യം വിസമ്മതിച്ച ഗൗതമിനെ ഇയാൾ മുഖത്തടിച്ചു. തുടർന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുംചെയ്‌തു. ഗൗതമിന്റെ കാർഡ്‌ വാങ്ങിപ്പോകാൻ ശ്രമിച്ചെങ്കിലും പിന്നീട്‌ ആളുകൾ ഇടപെട്ടതോടെ തിരികെ നൽകി. അതിഥിതൊഴിലാളിയെ പരസ്യമായി മർദിക്കുന്നത് മൊബൈൽ ഫോണിൽ ആരോ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ്‌ അറസ്‌റ്റ്‌. ഞായറാഴ്ച പുലർച്ചെ വിഴിഞ്ഞം എസ്എച്ച്ഒ എസ് ബി പ്രവീണിന്റെ നേതൃത്വത്തിലെത്തിയ എസ്ഐ സുനിൽ, സിപിഒ എ ജോസ് എന്നിവരാണ്‌ സുരേഷിനെ കസ്റ്റഡിയിലെടുത്തത്‌. വൈകിട്ട് ക്രൈം എസ്ഐ ജി കെ രഞ്‌ജിത്തിന്റെ നേതൃത്വത്തിൽ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. 

സുരേഷ് അറസ്റ്റിലായതോടെ ഇയാൾക്കെതിരെ വീണ്ടും പരാതികൾ ലഭിച്ചതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. മുക്കോല ജങ്ഷനിലെ മൊബൈൽ കടയിൽ സിംകാർഡ് വാങ്ങാനെത്തിയ സുരേഷ് കടയുടമ ബാലരാമപുരം വാണിയർ തെരുവ് സ്വദേശി മുനീറിനെയും മർദിച്ചിരുന്നു. ഏഴിന്‌ പകൽ 12.40 നായിരുന്നു സംഭവം. പള്ളിയിൽ നിസ്‌കരിക്കാൻ പോവുന്നതിനാൽ അരമണിക്കൂർ കഴിഞ്ഞ് വരുമോ എന്നു മുനീർ ചോദിച്ചതിൽ പ്രകോപിതനായാണ്‌ അടിച്ചത്‌. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. സുരേഷ് അറസ്റ്റിലായതോടെ മുനീർ പൊലീസിൽ ഞായറാഴ്ച വീണ്ടും പരാതി നൽകി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top