കോവളം
തിരുവല്ലത്ത് അഞ്ച് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതായി പരാതി. തിരുവല്ലം മേനിലത്തെ എ ആര ഫൈനാൻസ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് നൂറോളം നിക്ഷേപകരിൽ നിന്ന് പണം തട്ടിയതായി പരാതി ഉയർന്നത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ പലിശ നൽകാം എന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. സ്ഥാപനം ബന്ധുക്കളായ അഞ്ച് സ്ത്രീകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയും ഉള്ളതായി പറയുന്നു.
സഹോദരിമാരായ എ ആർ ചന്ദ്രിക, എ ആർ ജാനകി ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ ആർ മാലിനി, എം എസ് മിനി, പി എസ് മീനാകുമാരി എന്നിവരുടെ പേരിലാണ് സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ. ഇതിൽ ഒരാളുടെ മേനിലത്തെ വീട്ടിലാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം. 2021 ഒക്ടോബര്‍ വരെ കൃത്യമായി ഇവർ പലിശ നൽകി നാട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റി. ഇതോടെ ബന്ധുക്കളും അയൽവാസികളും നാട്ടുകാരുമായ നിരവധിപേര്‍ ഇവിടെ പണം നിക്ഷേപിച്ചു. എന്നാൽ കുറച്ച് നാളായി ആർക്കും പലിശയും മുതലും ലഭിക്കുന്നില്ല എന്നാണ് പരാതി.
സംഭവത്തിൽ തിരുവല്ലം പൊലീസിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കും നിക്ഷേപകർ പരാതി നൽകി . നിലവിൽ മാര്‍ച്ച് 31 നകം മുഴുവൻ തുകയും പലിശയും തിരിച്ചുനൽകാമെന്ന് 100 രൂപാ മുദ്രപത്രത്തിൽ സ്ഥാപന ഉടമകൾ ഉറപ്പ് എഴുതി നൽകിയിട്ടുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് വിശ്വാസമില്ല. ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി പണം തിരിച്ചുപിടിക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിക്ഷേപകര്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..