04 July Saturday
പെൻസിൽകൊണ്ട്‌ കാഴ്‌ചപോയി

ശ്രീഹരിക്ക്‌ സർക്കാർ തണലേകും

സ്വന്തം ലേഖികUpdated: Friday Jan 24, 2020
 
തിരുവനന്തപുരം
സ്കൂളിൽവച്ച്‌ പെൻസിൽകൊണ്ട്‌ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ ആറുവയസ്സുകാരന്റെ ചികിത്സ സംസ്ഥാന സർക്കാർ ഏറ്റെടുത്തു. റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഒഫ്‌താൽമോളജിയിൽ പ്രത്യേക മെഡിക്കൽ  ബോർഡ്‌ രൂപീകരിച്ച്‌ കുട്ടിയെ വെള്ളിയാഴ്ച പരിശോധിക്കും. ആശുപത്രിയിലോ ആവശ്യമെങ്കിൽ സ്വകാര്യ സ്പെഷ്യാലിറ്റി ആശുപത്രികളിലോ അയച്ച്‌ കുട്ടിക്ക്‌ വിദഗ്‌ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.
കവടിയാർ ശബരിഗിരി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥി ശ്രീഹരിയുടെ വലതു കണ്ണിന്റെ കാഴ്ചയാണ് പൂർണമായി നഷ്ടമായത്. സെപ്‌തംബർ മൂന്നിന്‌ സ്കൂളിൽവച്ച്‌ പെൻസിൽകൊണ്ട്‌ കണ്ണിന്‌ മുറിവേൽക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനോ മാതാപിതാക്കളെ അറിയിക്കാനോ അധ്യാപകർ തയ്യാറായില്ലെന്ന്‌ മാതാപിതാക്കൾ ആരോപിക്കുന്നു. വേദനിക്കുന്നതായി പരാതിപ്പെട്ടപ്പോൾ കണ്ണു കഴുകിയശേഷം ക്ലാസിൽ തുടരാനും നിർദേശിച്ചു. 
വൈകിട്ട് ശ്രീഹരിയെ വിളിക്കാൻ സ്കൂളിൽ എത്തിയപ്പോഴാണ് അമ്മ ഗായത്രി വിവരമറിഞ്ഞത്. പേരൂർക്കട ആശുപത്രിയിൽ എത്തിച്ചപ്പോൾ അടിയന്തരമായി കണ്ണാശുപത്രിയിലെത്തിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. സമയം വൈകിയതിനാൽ കണ്ണിൽ അണുബാധയുണ്ടായതായി കണ്ണാശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
മ്യൂസിയം പൊലീസിൽ നൽകിയ പരാതി പ്രിൻസിപ്പലും അധ്യാപകരുമെത്തി ഒത്തുതീർപ്പാക്കിയതായും ഓട്ടോ ഡ്രൈവറായ അച്ഛൻ കെ സുമേഷ് പറയുന്നു. ചികിത്സയ്ക്ക്‌ ധനസഹായം ചെയ്യാമെന്നായിരുന്നു വാഗ്‌ദാനം. നഷ്ടമായ കാഴ്ച തിരികെക്കിട്ടാൻ വിദഗ്ധ ശസ്ത്രക്രിയ വേണമെന്ന്‌ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ഇതേത്തുടർന്ന്‌ സഹായത്തിനായി സ്കൂൾ ചെയർമാനെ സന്ദർശിച്ച സുമേഷിന്‌ നിരാശയായിരുന്നു ഫലം. നാലു  മാസമായി ശ്രീഹരി സ്കൂളിൽ പോകുന്നില്ല. 
ശ്രീഹരിയുടെ അവസ്ഥ അറിഞ്ഞ ആരോഗ്യമന്ത്രി കെ കെ ശൈലജ അച്ഛനമ്മമാരെ വിളിച്ച്‌ എല്ലാ സഹായവും വാഗ്‌ദാനം ചെയ്തു. പ്രത്യേക മെഡിക്കൽ ബോർഡ്‌ ചേർന്ന്‌ കുട്ടിയെ പരിശോധിക്കാനും സമയനഷ്ടമില്ലാതെ ചികിത്സ നൽകാനും കണ്ണാശുപത്രി അധികൃതർക്ക്‌ നിർദേശവും നൽകി.
 
പ്രധാന വാർത്തകൾ
 Top