29 February Saturday

ഡ്യൂട്ടിക്കുപോയ രാജ്‌ഭവൻ ജീവനക്കാരനെ കാണാനില്ല

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020
തിരുവനന്തപുരം
രാജ്ഭവനിൽ ജോലിക്കുപോയ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി.  ലാസ്‌കർ തസ്‌തികയിൽ ജോലിചെയ്യുന്ന നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി വിനോദ് രാജിനെ (34)യാണ്‌ ചൊവ്വാഴ്‌ചമുതൽ കാണാതായത്‌.  ഇതുസംബന്ധിച്ച്‌ സഹോദരൻ ബിപിൻ രാജ്‌ മ്യൂസിയം പൊലീസിൽ പരാതി നൽകി. 
   തിങ്കളാഴ്‌ച ഭാര്യ വീടായ പെരുങ്കടവിളയിൽനിന്ന്‌  രാജ്‌ഭവനിലെത്തിയ വിനോദിനെ പകൽ രണ്ടുമുതൽ രാത്രി രണ്ടുവരെ മേലുദ്യോഗസ്ഥർ നിർബന്ധിപ്പിച്ച്‌ ജോലി ചെയ്യിപ്പിച്ചതായി പരാതിയിൽ പറയുന്നു. തുടർന്ന്‌ ചൊവ്വാഴ്‌ച രാവിലെ ആറിന്‌ ജോലിയിൽ പ്രവേശിക്കാനും നിർദേശം നൽകി. ചൊവ്വാഴ്‌ച രാവിലെ ജോലിക്കെത്തെിയ വിനോദിനോട്‌ അടിച്ചുതളി ഉൾപ്പെടെയുള്ള ജോലി ചെയ്യണമെന്നും മേൽ ഉദ്യോഗസ്ഥർ പറഞ്ഞതായാണ്‌ ആരോപണം. ഇത്‌ ചോദ്യംചെയ്‌തപ്പോൾ വളരെ മോശമായ രീതിയിൽ ഉദ്യോഗസ്ഥർ പെരുമാറിയതായും പരാതിയിൽ പറയുന്നു. ചൊവ്വാഴ്‌ച പകൽ പതിനൊന്നോടെ ഭാര്യ യോട്‌ ഫോണിൽ വിളിച്ച്‌ ഇക്കാര്യമെല്ലാം വിനോദ്‌ പറഞ്ഞിരുന്നു. "ചൊവ്വാഴ്‌ച ഏറെ വൈകിയും വിനോദ്‌ വീട്ടിൽ എത്താതിരുന്നതോടെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ചോഫായിരുന്നു. ഇരുചക്രവാഹനത്തിലോ കാറിലോ ആണ് പതിവായി യാത്ര ചെയ്യാറുള്ളത്. വാഹനങ്ങൾ ക്വാർട്ടേഴ്സിൽ തന്നെയുണ്ടെന്ന്‌ അറിഞ്ഞതോടെ സംശയം തോന്നിയതിനാലാണ്‌ പൊലീസിൽ പരാതി നൽകിയത്‌. അമിതമായ ഡ്യൂട്ടികൾ നൽകി ചില ജീവനക്കാർ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ഇത് സഹിക്കാൻ കഴിയില്ലെന്നും ഫോൺ വിളിച്ചപ്പോൾ പറഞ്ഞിരുന്നതായും ഭാര്യ പറഞ്ഞു. സംഭവത്തിൽ മ്യൂസിയം പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഫോൺ സ്വിച്ചോഫ്‌ ആക്കുമ്പോൾ വിനോദ്‌ രാജ്‌ഭവൻ പരിസരത്തുണ്ടായിരുന്നതായി  അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്‌.
 
പ്രധാന വാർത്തകൾ
 Top