30 November Monday

1070 കിലോമീറ്റർ; 72 പാലം

സ്വന്തം ലേഖകൻUpdated: Monday Nov 23, 2020

ജില്ലാപഞ്ചായത്ത്‌ നിർമാണം പൂർത്തീകരിച്ച തേവിയാർക്കുന്ന്‌ അങ്കണവാടി കെട്ടിടം

തിരുവനന്തപുരം 
അഞ്ചുവർഷംകൊണ്ട്‌ നിർമാണമേഖലയിൽ സർവകാല റെക്കോഡ്‌ സ്ഥാപിച്ചാണ്‌ ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ്‌ ഭരണസമിതി അധികാരമൊഴിഞ്ഞത്‌. 1070 കിലോമീറ്റർ റോഡാണ്‌ ജില്ലാപഞ്ചായത്തിന്റെ ഫണ്ട്‌ വിനിയോഗിച്ച്‌ നിർമിച്ചത്‌. 273 കോടി രൂപ ഇതിനായി ചെലവിട്ടു. 72 പാലവും കലുങ്കുകളും നിർമിക്കാൻ 19 കോടി രൂപയും വിനിയോഗിച്ചു.
ജില്ലയിലെ 11 ആശുപത്രിയിൽ വികസന പദ്ധതികൾക്കായി 54 കോടി രൂപയാണ്‌ ചെലവിട്ടത്‌. നെടുമങ്ങാട്‌, വിതുര, വർക്കല ആശുപത്രികളിൽ മൂന്നുനില മന്ദിരങ്ങൾതന്നെ ഉയർന്നു. 62 സ്‌കൂളിന്‌‌ പുതിയ കെട്ടിടങ്ങളും 72 സ്‌കൂളിന്‌‌ നവീകരണത്തിനുമായി 112 കോടി രൂപയാണ്‌ അനുവദിച്ചത്‌. 26 സ്‌കൂളിന്‌‌ സാരഥി പദ്ധതിയിൽ ഉൾപ്പെടുത്തി ബസുകൾ വാങ്ങിനൽകി.  
കലാ സാംസ്‌കാരിക മേഖലയിൽ ശ്രദ്ധേയമായ ഇടപെടൽ ജില്ലാപഞ്ചായത്ത്‌ നടത്തി. ജില്ലയിലെ 71 ഗ്രന്ഥശാലയ്‌ക്കും പുതിയ കെട്ടിടങ്ങളായത്‌ പിന്നിട്ട അഞ്ചുവർഷത്തിനിടെയാണ്‌. 38 സാംസ്‌കാരിക നിലയങ്ങൾക്കും വിവിധ വികസനപദ്ധതികളിൽ ഉൾപ്പെടുത്തി സഹായം അനുവദിച്ചു. 
 നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന കായികപരിശീലന സൗകര്യങ്ങൾ ഗ്രാമങ്ങളിലും ഒരുക്കിയത്‌ യുവതയെ ആവേശഭരിതരാക്കിയിട്ടുണ്ട്‌. ജില്ലയിലാകെ അഞ്ച്‌ സ്‌പോർട്സ്‌ ഹബ്ബാണ്‌ ജില്ലാപഞ്ചായത്ത്‌ നിർമിച്ചത്‌. 
പള്ളിക്കലിലും പെരിങ്ങമ്മലയിലും ഉഴമലയ്‌ക്കലിലും അത്യാധുനിക സൗകര്യങ്ങളോടെ ഇൻഡോർ സ്‌റ്റേഡിയങ്ങളായി. 1.6 കോടി രൂപ ചെലവിട്ടാണ്‌ വിതുരയിലെ പി ടി ഉഷ സ്‌റ്റേഡിയം നിർമിക്കുന്നത്‌. മൂന്നുകോടി രൂപ ചെലവിട്ട്‌ പെരിങ്ങമ്മലയിൽ മൾട്ടി പർപ്പസ്‌ സ്‌റ്റേഡിയം പണിതുയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top