28 November Sunday
അതിരുവിട്ട്‌ ബിജെപി

മേയറെ തടഞ്ഞു; ആക്രമിക്കാനും ശ്രമം

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
തിരുവനന്തപുരം   
മേയർ ആര്യ രാജേന്ദ്രനെ തടഞ്ഞ്‌ കൗൺസിൽ യോഗം മുടക്കാൻ ശ്രമിച്ച്‌ ബിജെപി. ഈ നീക്കം പരാജയപ്പെട്ടതോടെ സമനില തെറ്റിയ ബിജെപി കൗൺസിൽ അംഗങ്ങൾ യോഗശേഷം മേയറെ ആക്രമിക്കാനും മുതിർന്നു. കൗൺസിൽ ഹാളിൽ നടത്തുന്ന സമരത്തിന്റെ തുടർച്ചയായിരുന്നു നെറികെട്ട നീക്കം. 
 
കൗൺസിൽ യോഗം തടയാനും വേണ്ടിവന്നാൽ മേയറെ ആക്രമിക്കാനുമായിരുന്നു ബിജെപിയുടെ തീരുമാനം. വനിതാ കൗൺസിലർമാരെയാണ്‌ ഇതിന് ചുമതലപ്പെടുത്തിയത്‌. കൗൺസിൽ ചേരുംമുമ്പായി ഇതിന് നിയോഗിക്കപ്പെട്ടവർ പ്രവേശന വാതിലിനു കുറുകെ കിടന്നു. 
 
ബിജെപിയുടെ മറ്റു ജനപ്രതിനിധികളിൽ ചിലർ ഹാളിലേക്കുള്ള മറ്റു പ്രവേശന കവാടങ്ങളും ഉപരോധിച്ചു. എന്നാൽ, മേയർ പിന്തിരിഞ്ഞില്ല. എൽഡിഎഫ്‌ ജനപ്രതിനിധികളുടെ സഹായത്തോടെ ഉപരോധിച്ചവരെ മറികടന്ന്‌ അകത്തേക്ക്‌ കടന്നു. ഇതോടെ ഹാളിന്‌ അകത്തുണ്ടായവർ ആക്രോശവുമായി നടുത്തളത്തിൽ ഇറങ്ങി. ഇതിനിടെ, മേയർക്ക്‌ സംരക്‌ഷണം തീർക്കാൻ വനിതാ പൊലീസുമെത്തി. എൽഡിഎഫ്‌ ജനപ്രതിനിധികളും ഹാളിൽ പ്രവേശിച്ചു. 
 
ബിജെപിയുടെ പ്രതിഷേധം അവഗണിച്ച്‌  അജൻഡകളും എടുത്തു. ചില ഭേദഗതികളോടെ മുഴുവൻ അജൻ‍ഡയും പാസാക്കി. കൗൺസിൽ ഹാളിൽ അക്രമം നടത്തി ഭരണം അട്ടിമറിക്കാൻ നടത്തുന്ന ശ്രമത്തെ അപലപിച്ച്‌ സ്റ്റാൻഡിങ്‌ സമിതി ചെയർമാൻ എസ്‌ സലീം അവതരിപ്പിച്ച വാക്കാൽ പ്രമേയവും പാസാക്കി. യോഗം വിജയകരമായി അവസാനിച്ചതായി മേയർ അറിയിക്കുകയും ചെയ്‌തു. കൗൺസിൽ ഹാളിന്‌ പുറത്തേക്ക്‌ കടക്കാൻ ശ്രമിക്കുന്നതിനിടെയണ്‌ ബിജെപി ജനപ്രതിനിധികളിൽ ചിലർ ആക്രമിക്കാൻ ശ്രമിച്ചത്‌. യുഡിഎഫ്‌ കൗൺസിലർമാരും യോഗ നടപടികളുമായി സഹകരിക്കാതെ പ്രതിഷേധവുമായി രംഗത്തുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top