12 November Tuesday
വർക്കല എസ്‌ആർ മെഡിക്കൽ കോളേജ്‌

വായ്‌പ തിരിച്ചടച്ചില്ല;വസ്‌തുവകകൾ കണ്ടുകെട്ടി

സ്വന്തം ലേഖികUpdated: Wednesday Oct 23, 2019
തിരുവന്തപുരം
വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെത്തുടർന്ന്‌ വർക്കല എസ്‌ആർ മെഡിക്കൽ കോളേജിന്റെ നിയന്ത്രണത്തിലുള്ള വസ്തുവകകൾ സൗത്ത്‌ ഇൻഡ്യൻ ബാങ്ക്‌ കണ്ടുകെട്ടി. 127.45 കോടിരൂപ കുടിശ്ശിക വരുത്തിയതിനെത്തുടർന്നാണ്‌ സൗത്ത്‌ ഇൻഡ്യൻ ബാങ്കിന്റെ നടപടി. എസ്‌ആർ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ ഉടമസ്ഥതയിൽ കവടിയാർ വില്ലേജിലെ  രണ്ട്‌ വസ്തുക്കളാണ്‌ ബാങ്ക്‌ ചൊവ്വാഴ്ച ഏറ്റെടുത്തത്‌. മറ്റൊരു വസ്തു പ്രതീകാത്മകമായി ഏറ്റെടുത്ത്‌ നോട്ടീസ്‌ പതിപ്പിച്ചു. 
ട്രസ്‌റ്റ്‌ നൽകാനുള്ള 122.45 കോടിരൂപ 60- ദിവസത്തിനുള്ളിൽ അടയ്ക്കണമെന്ന്‌ കാണിച്ച്‌  ബാങ്ക്‌ ജൂലൈ 26ന്‌ നോട്ടീസ്‌ നൽകിയിരുന്നു. മാനേജിങ്‌ ട്രസ്‌റ്റി ആർ ഷാജി, ട്രസ്‌റ്റ്‌ അംഗങ്ങളായ എം ജി ശ്രീദേവി, ശിൽപ്പ ഷാജി എന്നിവർക്കാണ്‌ നോട്ടീസ്‌ നൽകിയത്‌. 
 
 പണം അടച്ചില്ലെങ്കിൽ മാനേജ്‌മെന്റിന്‌ കീഴിലെ വസ്തുവകകൾ ഏറ്റെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. തുടർന്നും തുക തിരിച്ചടയ്ക്കാത്തതിനാലാണ്‌ ട്രസ്‌റ്റിന്റെ കവടിയാർ  വില്ലേജിലെ വസ്തുക്കൾ ഏറ്റെടുത്തത്‌. 
ഏറ്റെടുത്ത വസ്തുക്കളിൽ ഇടപാടുകൾ നടത്തരുതെന്ന്‌ ട്രസ്‌റ്റിന്‌ നിർദേശവും നൽകിയിട്ടുണ്ട്‌. വസ്‌തു തിരിച്ചെടുക്കണമെങ്കിൽ നിയമപ്രകാരമുള്ള നിശ്ചിത സമയത്തിനകം  ആവശ്യമായ നടപടി സ്വീകരിക്കണമെന്നും  നോട്ടീസിൽ പറയുന്നുണ്ട്‌.
പ്രധാന വാർത്തകൾ
 Top