21 October Wednesday

നുണ, ശബ്ദ പരിശോധനകൾ വെള്ളിയും ശനിയും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020
തിരുവനന്തപുരം
വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തില്‍ നാലുപേരുടെ നുണപരിശോധന വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ഡ്രൈവർ അർജുൻ, പ്രകാശ്‌ തമ്പി, കലാഭവൻ സോബി, വിഷ്‌ണു സോമസുന്ദരം എന്നിവര്‍ക്കാണ്‌  പരിശോധന‌. ആദ്യ രണ്ട്‌ പേരുടെ പരിശോധന വെള്ളിയാഴ്‌ചയും ശേഷിക്കുന്നവരുടേത്‌ ശനിയാഴ്‌ചയുമാകും. ഇവരുടെ ശബ്ദ പരിശോധനയും നടത്തും.
ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള സെൻട്രൽ ഫോറൻസിക്‌ ലബോറട്ടറിയിലെ വിദഗ്‌ധരുടെ നേതൃത്വത്തിലാകും പരിശോധന. സംഘം വെള്ളിയാഴ്‌ച രാവിലെ എത്തിയേക്കും. കൊച്ചിയിലെ സിബിഐ ഓഫീസോ ഏതെങ്കിലും ആശുപത്രിയോ പരിശോധനയ്‌ക്ക്‌ വേദിയാകും.  
മരണത്തിന്‌ പിന്നിൽ സ്വർണക്കടത്ത്‌ സംഘങ്ങൾക്ക്‌ പങ്കുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ സിബിഐ തേടും. സ്വർണക്കടത്തിനെ കുറിച്ച്‌ തമ്പി ചോദ്യംചെയ്യലിൽ വ്യക്തമാക്കിയിരുന്നു. ചില വിവരങ്ങൾ കൂടി ഇയാളിൽ നിന്ന്‌ ലഭിക്കാനുണ്ട്‌. നുണപരിശോധനയിൽ ഇക്കാര്യങ്ങൾ ലഭിച്ചാൽ ഇതിന്റെ അടിസ്ഥാനത്തിൽ വിഷ്‌ണുവിനെ കൂടുതൽ ഫലപ്രദമായി സമീപിക്കാൻ കഴിയും. തമ്പിയും വിഷ്‌ണുവും സ്വർണക്കടത്ത്‌ കേസിലെ പ്രതികളാണ്‌. ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം ഓടിച്ചത്‌ ആരെന്ന്‌ ഉറപ്പിക്കാനും അപകടം ആസൂത്രിതമാണോ എന്ന്‌ അറിയാനുമാണ്‌ അർജുനെ പരിശോധന നടത്തുന്നതിന്റെ മുഖ്യ ലക്ഷ്യം. അപകടസ്ഥലത്ത്‌ സ്വർണക്കടത്ത്‌ കേസിലെ പ്രതികളെ കണ്ടെന്നതടക്കം മൊഴി ഉറപ്പിക്കാനാണ്‌ കലാഭവൻ സോബിയെ പട്ടികയിൽ ഉൾപ്പെടുത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top