തിരുവനന്തപുരം
വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡ് നിർമാണം അടുത്ത വർഷം ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി. നിർമാണത്തിനായി 1629 കോടിയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുത്തതോടെയാണ് പദ്ധതിക്ക് ജീവൻ വച്ചത്. ഇതുസംബന്ധിച്ച് വ്യക്തതവരുത്തിയ ഉത്തരവ് സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് കൈമാറി. റിങ് റോഡിന്റെ മൂല്യനിർണയം സംബന്ധിച്ചുള്ള റിപ്പോർട്ട്, കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയത്തിന് ദേശീയപാത അതോറിറ്റി ഉടൻ സമർപ്പിക്കും. റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലമേറ്റെടുക്കൽ നടപടിയും ആരംഭിച്ചു. ആകെ 282 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
നാവായിക്കുളം, കുടവൂർ, കരവാരം, വെള്ളല്ലൂർ, നഗരൂർ, കൊടുവഴന്നൂർ, കിളിമാനൂർ, പുളിമാത്ത്, വാമനപുരം, പുല്ലമ്പാറ, മാണിക്കൽ, തേക്കട, വട്ടപ്പാറ, വെമ്പായം, കോലിയക്കോട്, നെടുമങ്ങാട്, കരകുളം, അരുവിക്കര, അണ്ടൂർക്കോണം, വെയിലൂർ, വിളപ്പിൽ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, കോട്ടുകാൽ, വി
ഴിഞ്ഞം എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. ഇതിൽ 13 വില്ലേജുകളിൽനിന്നുള്ള ഭൂമിയേറ്റെടുക്കലിനുള്ള 3ഡി വിജ്ഞാപനം ദേശീയപാത അതോറിറ്റി പുറത്തിറക്കിയിരുന്നു. ബാക്കിയുള്ള വില്ലേജുകളിലെ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. പാത അവസാനിക്കുന്ന നാവായിക്കുളത്ത് ജങ്ഷൻ വികസിപ്പിക്കുന്നതിനാൽ അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരും. പിന്നാലെ ടെൻഡർ നടപടികളും ആരംഭിക്കും. തേക്കട മുതൽ വിഴിഞ്ഞം (33.40 കി.മീ), നാവായിക്കുളം മുതൽ -തേക്കട (29.25 കി.മീ) എന്നിങ്ങനെ രണ്ട് റീച്ചുകളായാണ് ടെൻഡർ നൽകുക. പ്രധാന പാതയ്‌ക്ക് 30 മീറ്ററും സർവീസ് റോഡുകൂടി ചേർത്ത് 45 മീറ്ററുമാകും ആകെ വീതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..