18 November Monday

ഇത്‌ സ്വപ്‌നങ്ങൾ നെയ്‌ത വീട്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

ജോൺസൺ ഗബ്രിയേലിന്റെ വീട്‌

തിരുവനന്തപുരം

വൻതിരയിൽനിന്ന്‌ ജീവനുകൾ വാരിയെടുക്കുമ്പോഴും ശംഖുംമുഖത്തെ ലൈഫ്‌ ഗാർഡ്‌ ജോൺസൺ ഗബ്രിയേലിന് സ്വന്തമായി ഒരുവീടെന്ന സ്വപ്‌നം  അകലെനിന്നു.  മഴ ഒന്ന്‌ കനത്താൽ ഉള്ള്‌ മുഴുവൻ വെള്ളമിറങ്ങുന്ന വീട്ടിലാണ്‌ ജോൺസണും ഭാര്യയും രണ്ട്‌ മക്കളും താമസിക്കുന്നത്‌. കൂടെ ഭാര്യയുടെ അമ്മയും അച്ഛനും. ജോൺസണായിരുന്നു വീട്ടിലെ ഏകവരുമാനം. 2007ൽ ലൈഫ് ഗാർഡായി ജോലിയിൽ പ്രവേശിച്ച ജോൺസൺ അവധിദിവസങ്ങളിൽ ഓട്ടോയോടിച്ച്‌ കുടുംബം പുലർത്തി.  വയർലസ് ജങ്‌ഷനിലെ രാജീവ് നഗറിൽ 2001ൽ സർക്കാർ ശാലിനിയുടെ അമ്മയുടെ പേരിൽ പട്ടയം പതിച്ച്‌ നൽകിയ രണ്ട്‌ സെന്റ്‌ ഭൂമിയിലാണ്‌ ജോൺസൺ വീട്‌ പണിത്‌ തുടങ്ങിയത്‌. ഫീഷറീസ്‌ വകുപ്പ്‌ നൽകിയ രണ്ട്‌ ലക്ഷം രൂപയുടെ പലിശരഹിതവായ്‌പയും കൊള്ളപലിശയ്‌ക്ക്‌ മറ്റുള്ളവരിൽ നിന്നും കടമെടുത്തുമായിരുന്നു  നിർമാണം. കടമെടുത്ത പണം തീർന്നപ്പോൾ വീടിന്റെ നിർമാണവും നിലച്ചു. പലിശനൽകിയും രണ്ട്‌ കുട്ടികളുടെ പഠിപ്പിനുമുള്ള ചെലവും കൂടിയാവുമ്പോൾ  പിന്നെയും കടം വാങ്ങേണ്ട അവസ്ഥയാവും. പാതിയിൽനിൽക്കുന്ന വീടിന്റെ തുടർപ്രവൃത്തി തുടങ്ങാനിരിക്കെയാണ്‌ ജോൺസൺ തിരയിൽപ്പെട്ടത്‌. അവശയായ ഭാര്യ ശാലിനിയെ വ്യാഴാഴ്‌ച വൈകിട്ട്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കളായ അഭിയും ആതിരയും സ്‌കൂൾ വിദ്യാർഥികളാണ്‌.

പ്രധാന വാർത്തകൾ
 Top