17 November Sunday
നെയ്യാറ്റിൻകര ജനറൽ ആശുപത്രി

പ്രഹസനസമരവുമായി ബിജെപി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

നെയ്യാറ്റിൻകര

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഒപിയിലും അത്യാഹിതവിഭാ​ഗത്തിലും സദാ തിരക്കെന്നും പുതിയ സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയില്ലെന്നുമുള്ള വ്യാജപ്രചാരണവുമായി ബിജെപിയുടെ സമരനാടകം. കഴിഞ്ഞദിവസം സന്ദർശക പാസിന്റെ തുക കൂട്ടിയതിന്റെ പേരിലും സമരാഭാസം നടന്നു. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ എച്ച്എംസി വർ‌ധിപ്പിച്ച തുകയ്‌ക്കെതിരെയാണ്‌ സമരാഭാസവുമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇവർ എത്തിയത്‌. ഇത് ആൻസലൻ എംഎൽഎ ഇടപെട്ട് തിരുത്തിയിരുന്നു.     കഴിഞ്ഞദിവസം ഒരു പത്രം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ തിരക്കേറുന്നതായും പുതുതായി ഒരു സംവിധാനവും ഏർപ്പെടുത്തിയില്ലെന്നും വാർത്ത ചമച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശരാശരി ആയിരത്തിനുള്ളിലായിരുന്നു ഒരു ദിവസം ഒപിയിലെത്തുന്നവർ. എന്നാൽ, ഇപ്പോഴിത് മൂവായിരത്തിലേറെയാണ്. സ്പെഷ്യാലിറ്റി വിഭാ​ഗം ഉൾപ്പെടെയുള്ള ഡോക്ടർമാരുടെയും സേവനം കൂടുതൽ ലഭ്യമാക്കിയപ്പോൾ സ്വാഭാവികമായി ഈ ആശുപത്രിയെ ആശ്രയിക്കുന്നവരുടെഎണ്ണവും പതിന്മടങ്ങ് വർധിച്ചു. ഇത് കാണാതെയാണ് എപ്പോഴും തിരക്കെന്ന് പ്രചരിപ്പിച്ചത്. കഴിഞ്ഞ യുഡ‍ിഎഫ് ഭരണകാലത്ത് ആകെ 26 ഡോക്ടർമാരാണ്‌ ഉണ്ടായിരുന്നത്‌. ഇത്‌ ഇപ്പോൾ നാൽപ്പതായി. ഡിജിറ്റൽ എക്സ്റേ, 24 മണിക്കൂറും പ്രവർ‌ത്തിക്കുന്ന അത്യാധുനിക സംവിധാനങ്ങളുള്ള രാജീവ്​ഗാന്ധി ബയോടെക്നോളജി ലാബ്, വിമുക്തികേന്ദ്രം, മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെ വെല്ലുന്ന നവീകരിച്ച വാർഡുകൾ, മുടങ്ങാതെ വൈദ്യുതി ലഭ്യമാക്കാൻ 250 കെവി സബ്സ്റ്റേഷൻ, ആശുപത്രിയിലാകെ നിരീക്ഷണ ക്യാമറ, ഇലക്ട്രിക് ആംബുലൻസ് സൗകര്യം, നവജാത ശിശുവിനെയും മാതാവിനെയും വീട്ടിലെത്തിക്കുന്ന മാതൃകം പദ്ധതി, നവജാത ശിശുക്കളുടെ പരിചരണം. ഇവയെല്ലാം ഈ സർക്കാർ നടപ്പിലാക്കിയവയാണ്.  കൂടുതൽ ഡോക്ടർമാരുടെ സേവനവും ഇത്തരം സൗകര്യങ്ങളും വർധിച്ചപ്പോൾ കൂടുതൽ പേർ ആശുപത്രിയെ ആശ്രയിച്ചു. ഇത് സ്വകാര്യ ആശുപത്രികളെയും സ്വകാര്യ പ്രാക്ടീസുകാരെയും ലാബുകളെയും ബാധിച്ചു. ഇതിൽ വിറളിപൂണ്ടാണ് വ്യാജപ്രചാരണവും സമരാഭാസങ്ങളുമെന്ന് പൊതുജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിനാൽ സമരത്തിലെ പൊതുജനപങ്കാളിത്തവും ശുഷ്കമായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top