ചിറയിൻകീഴ്
അമിതമായ മാനസിക പിരിമുറുക്കംമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് ഒരൽപ്പം ‘റിലാക്സാ’കാം. ബ്ലോക്ക് പഞ്ചായത്തിന്റെ ‘സുരക്ഷ' സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ടെൻഷൻ ക്ലിനിക്ക് തുറന്നു. താലൂക്കാശുപത്രിയിലെ പുതിയ ഒപി ക്ലിനിക്ക് ഇൻജക്ഷൻ റൂമിന്റെ എതിർവശത്ത് എല്ലാ വ്യാഴാഴ്ചയും രാവിലെ 9 മുതൽ വൈകിട്ട് മൂന്നുവരെയാണ് പ്രവർത്തിക്കുക. മനഃശാസ്ത്രജ്ഞന്റെയും കൗൺസലർമാരുടെയും സേവനം ലഭ്യമാകും. സൈക്കോ തെറാപ്പി, ഫാമിലി കൗൺസലിങ്, ലഹരി വിമോചനം, ആത്മഹത്യാ പ്രതിരോധം എന്നിവ ലഭ്യമാണ്. മാറാത്ത ഉൽക്കണ്ഠകൾ, ഉറക്കമില്ലായ്മ തുടങ്ങിയവമൂലം ബുദ്ധിമുട്ടുന്നവർക്കും സുരക്ഷ ക്ലിനിക്കിന്റെ സഹായം തേടാം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിന്റെ സഹായത്തോടെയാണ് ക്ലിനിക്ക് പ്രവർത്തിക്കുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി രമാഭായിയമ്മ, സുരക്ഷ നോഡൽ ഓഫീസർ ഡോ. ഇ നസീർ, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ് ഡീന, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി പി സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ് ണൻ, എസ് സിന്ധു, എൻ ദേവ്, സുരക്ഷ ബ്ലോക്ക് കോഓർഡിനേറ്റർ ആർ കെ ബാബു, ഡോ. പ്രവീണ, ഡോ.ജിസ്മി, വിചിത്ര, ഗീതു, ശിവദാസൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..